സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി.ശുഹൈബിന് നേരെയുണ്ടായ അക്രമം മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ അറിഞ്ഞത് മുക്കാൽ മണിക്കൂറിന് ശേഷം. ശുഹൈബിനെ വെട്ടിപ്പരിക്കേൽപ്പിച്ച ഉടനെ മട്ടന്നൂർ പോലീസിൽ വിവരമറിയിക്കാൻ നാട്ടുകാരും പാർട്ടി പ്രവർത്തകരും നിരന്തരം പരിശ്രമിച്ചെങ്കിലും സ്റ്റേഷനിലെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല. ഈ സമയമത്രയും സ്റ്റേഷനിലെ ഫോൺ തിരക്കിലായിരുന്നു.
സബ്ഡിവിഷൻ റിപ്പോർട്ട് നൽകുന്ന സമയമായതിനാലാണ് ഫോൺ എൻഗേജ്ഡ് ആയിരുന്നതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മേലധികാരികൾക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.എല്ലാ പോലീസ് സ്റ്റേഷനിലും രാത്രി 10 കഴിഞ്ഞാൽ അതത് ദിവസമെടുത്ത കേസുകൾ, കേസിന്റെ സ്വഭാവരീതി, രാഷ്ട്രീയ സംഘട്ടനം തുടങ്ങിയവയുടെ വിശദാംശങ്ങൾ മേലുദ്യോഗസ്ഥനായ ഡിവൈഎസ്പിയെ ധരിപ്പിക്കണമെന്നാണ് ചട്ടം.
12ന് രാത്രി 10.25ഓടെയാണ് തെരൂരിലെ തട്ടുകടയിൽ ശുഹൈബിനെ വെട്ടിപ്പരിക്കേൽപ്പിക്കുന്നത്. ഈ സമയത്ത് മട്ടന്നൂർ സ്റ്റേഷനിൽ നിന്ന് നിന്ന് സബ്ഡിവിഷൻ റിപ്പോർട്ട് നൽകുകയായിരുന്നു. അന്ന് മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽ ആറു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ഒരു കേസിന്റെ വിവരം മേലധികാരിയെ ധരിപ്പിക്കാൻ ചുരുങ്ങിയത് അഞ്ച് മുതൽ എട്ട് മിനിട്ടു വരെ എടുക്കും. അങ്ങനെ ആറ് കേസുകളെകുറിച്ച് വിശദീകരിക്കാൻ ഏകദേശം 40 മിനിട്ടോളം എടുത്തു. 11.30ഓടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേയാണ് ശുഹൈബ് മരണമടയുന്നത്. പോലീസ് ഉണർന്ന് പ്രവർത്തിക്കുന്പോഴേക്കും കൊലയാളികൾക്ക് സുരക്ഷിതമായി രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടായി.