മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനുവേണ്ടി ആദ്യമായി വീടും സ്ഥലവും വിട്ടുകൊടുത്തു കുടിയൊഴിഞ്ഞ കുടുംബം സർക്കാർ അവഗണനമൂലം ദുരിതത്തിൽ. ഒന്നാംഘട്ട സ്ഥലമെടുപ്പിൽ വീടും പറമ്പും ഒഴിഞ്ഞുകൊടുത്ത് ഇപ്പോൾ വെള്ളിയാംപറമ്പിൽ താമസിക്കുന്ന എൻ.സി. രാമചന്ദ്രനും കുടുംബവുമാണ് ദുരിതക്കയത്തിൽ കഴിയുന്നത്.
ഇവർക്കു മെച്ചപ്പെട്ട നഷ്ടപരിഹാരമോ പുനരധിവാസ സൗകര്യമോ ലഭിച്ചിട്ടില്ല. ഒന്നാംഘട്ട സ്ഥലമെടുപ്പിൽ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നില്ല എന്ന സാങ്കേതികത്വം പറഞ്ഞാണ് രാമചന്ദ്രനെയും കുടുംബത്തെയും മാറ്റി നിർത്തിയിരിക്കുന്നത്.
രണ്ടാം ഘട്ട സ്ഥലമെടുപ്പിൽ വീട് നഷ്ടപ്പെട്ട എല്ലാവർക്കും മികച്ച വിലയും വീടു വയ്ക്കാൻ 10 സെന്റ് വീതം ഭൂമി സൗജന്യമായി നൽകുകയും ചെയ്തിട്ടുണ്ട്. കുടുംബത്തിൽ ഒരാൾക്കു വീതം വിമാനത്താവളത്തിൽ ജോലി നൽകാനുള്ള നടപടിയും പുരോഗമിക്കുന്നു.
വൻ വികസന പദ്ധതിക്ക് ആദ്യമായി വീടും പറമ്പും വിട്ടു നൽകേണ്ടിവന്ന രാമചന്ദ്രനും കുടുംബവും പലതവണ സർക്കാരിൽ അപേക്ഷ നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടാകുന്നില്ലെന്നു പറയുന്നു. വിമാനത്താവളത്തിനു മൂന്നാംഘട്ട സ്ഥലമെടുപ്പിൽ സെന്റിന് 8.80 ലക്ഷം രൂപ വില നൽകുമ്പോൾ ഒന്നാംഘട്ടത്തിൽ സ്ഥലം നൽകിയ രാമചന്ദ്രനു ലഭിച്ചതു സെന്റിന് രണ്ടായിരം രൂപയാണ്.
ഓടിട്ട ഇരുനില വീടിനു ലഭിച്ചത് ഒരു ലക്ഷം രൂപയും. അന്നു റവന്യു വകുപ്പ് നിശ്ചയിച്ച വിലയാണ് ലഭിച്ചത്. രണ്ടാംഘട്ടത്തിൽ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പർച്ചേസ് കമ്മിറ്റി സെന്റിന് 60,000 രൂപ വരെ വില കണക്കാക്കുകയുണ്ടായി. ഇതുപ്രകാരം ഭൂവുടമകൾക്കു വൻ തുക ലഭിച്ചപ്പോൾ രാമചന്ദ്രൻ നിസഹായനായി നോക്കി നിൽക്കേണ്ടിവന്നു.
ഒന്നാംഘട്ടത്തിൽ സർക്കാർ ഏറ്റെടുത്ത 192 ഏക്കർ ഭൂമിയിൽ ആൾത്താമസമുള്ള വീട് രാമചന്ദ്രന്റേതു മാത്രമായിരുന്നു. ബാക്കി തോട്ടങ്ങളായിരുന്നു. രണ്ടും മൂന്നും ഘട്ട സ്ഥലമെടുപ്പിൽ ഭൂ ഉടമകൾക്കു മെച്ചപ്പെട്ട തുകയും വീടിനു സ്ഥലവും നൽകി. നൂറ്റമ്പതോളം കുടുംബങ്ങൾ കുടിയൊഴിഞ്ഞപ്പോൾ ഒരാളെ മാത്രം സാങ്കേതികത്വം പറഞ്ഞു മാറ്റിനിർത്തിയതു ന്യായീകരിക്കാനാവില്ലെന്നു രാമചന്ദ്രൻ പറയുന്നു.
ഇപ്പോൾ വെള്ളിയാംപറമ്പിൽ വിലയ്ക്കു വാങ്ങിയ വീട്ടിലാണ് താമസം. ഓട്ടോ ഡ്രൈവറായിരുന്ന രാമചന്ദ്രൻ വീണു പരുക്കേറ്റതിനെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്നു. മാറിമാറി വന്ന സർക്കാരുകൾക്കു നിവേദനം നൽകിയെങ്കിലും ഇത് ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
ഇനി സർക്കാരിൽനിന്നു പ്രത്യേകം ഉത്തരവ് ഉണ്ടായാൽ മാത്രമേ സ്ഥലമെടുപ്പ് പാക്കേജ് പ്രകാരമുള്ള ആനുകൂല്യം ലഭിക്കുകയുള്ളൂവെന്നാണ് ലാൻഡ് അക്വിസിഷൻ അധികൃതർ പറയുന്നത്.