കണ്ണൂര്‍ മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം നിലനിർത്തി. 35 സീറ്റുകളിൽ 28 സീറ്റ് എൽഡിഎഫിനും ഏഴ് സീറ്റ് യുഡിഎഫിനും ലഭിച്ചു. മണ്ണൂർ, ബേരം, കയനി, മട്ടന്നൂർ, ടൗൺ, പാലോട്ടുപള്ളി, മിനിനഗർ വാർഡുകളാണ് യുഡിഎഫ് നേടിയത്. പൊറോറ, ഏളന്നൂർ, കീച്ചേരി, ആണിക്കേരി, കല്ലൂർ, കളറോഡ്, മുണ്ടയോട്, പെരുവയൽക്കരി, കായലൂർ, കോളാരി, പരിയാരം, അയ്യല്ലൂർ, ഇടവേലിക്കൽ, കുഴിക്കൽ, പെരിഞ്ചേരി, കാര, നെല്ലൂന്നി, ഇല്ലംഭാഗം, മലയ്ക്കുതാഴെ, എയർപോർട്ട്, ഉത്തിയൂർ, മരുതായി, പഴശി, ഉരുവച്ചാൽ, കരേറ്റ, നാലാങ്കേരി വാർഡുകളാണ് എൽഡിഎഫ് നേടിയത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കളറോഡ്, ആണിക്കേരി വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തു. ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും മൂന്നിടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13 സ്ഥലത്ത് വിജയിച്ച യുഡിഎഫിന്റെ ഏഴ് സീറ്റുകള്‍ കൂടി എല്‍ഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ എല്‍ഡിഎഫ് 21 സീറ്റുകളിലും യുഡിഎഫ് 13 സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. യുഡിഎഫ് ജയിച്ചുകൊണ്ടിരുന്ന ഏഴു സീറ്റുകളാണ് ഇടതുമുന്നണി ഇത്തവണ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുപോന്നത്.
രാവിലെ പത്തിന് മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ കനത്ത പോലീസ് സുരക്ഷയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. സ്കൂളിലെ സ്റ്റോർ റൂമിൽ സീൽ ചെയ്ത് സൂക്ഷിച്ച വോട്ടിംഗ് യന്ത്രങ്ങൾ റിട്ടേണിംഗ് ഓഫീസർമാരായ സുനീൽ പാമിഡി, ഇംതിയാസ് എന്നിവരുടെ നേതൃത്വത്തിൽ മുറി തുറന്നാണ് വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണുന്നതിനായി ഹാളിലേക്ക് മാറ്റിയത്. ആറു ടേബിളുകളിലായാണ് വോട്ടെണ്ണൽ നടന്നത്.
സ്ഥാനാർഥികളുടെയും ബൂത്ത് ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. നഗരസഭയുടെ അഞ്ചാമത് ഭരണസമിതിയിലേക്ക് കഴിഞ്ഞ എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ 82.91 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്.
2002 ൽ നടന്ന തെരഞ്ഞെടുപ്പിൽ 34 വാർഡുകളിൽ 21 വാർഡുകൾ എൽഡി എഫിനും 13 വാർഡുകൾ യുഡിഎഫിനുമായിരുന്നു. ഇത്തവണ ഒന്നു വർധിച്ച് 35 വർഡുകളായി. ആഹ്ലാദ പ്രകടനത്തിനിടെയും വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലും സംഘർഷം ഒഴിവാക്കുന്നതിന് ഇരിട്ടി ഡി വൈ എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് സന്നാഹത്തെ നിയോഗിച്ചിരുന്നു.