മട്ടന്നൂർ: അതിവേഗതയിൽ പാഞ്ഞെത്തിയ കാറിൽ നിന്നും ഇറങ്ങി വാളുമായിയെത്തിയവർ ഇറച്ചിവെട്ടുന്നത് പോലെയാണ് കൊല്ലപ്പെട്ട എസ്.പി. ശുഹൈബിനെ വെട്ടിയതെന്ന് അക്രമത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവർ പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ വെട്ടുന്നത് തടയുന്നതിനിടെ പരിക്കേറ്റു തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എടയന്നൂർ സ്വദേശികളായ കെ. റിയാസും, ഇ.നൗഷാദുമാണ് അക്രമവിവരം രാഷ്ട്രദീപികയോട് വിവരിച്ചത്. എസ് വൈഎസിന്റെ നേതാക്കളും കൂടിയായ ഇവർ മതസ്ഥാപനം ആരംഭിക്കുന്നതിന്റെ ഭാഗമായി പിരിവിനു പോയി തിരിച്ചു വരുന്നതിനിടെയാണ് ചായ കുടിക്കാൻ തെരൂരിലെ തട്ടുകടയിൽ കയറിയത്.
തട്ടുകടയുടെ പുറത്തിരുന്നു ചായ കുടിച്ചു സംസാരിക്കുന്നതിനിടെ അതിവേഗതയിൽ ഒരു വാഗണർ കാർ വന്നു തട്ടുകടയുടെ മുൻവശത്തെ റോഡരികിൽ വന്നു നിർത്തുന്നതായി കണ്ടു. ഒരു മിനുട്ട് കഴിഞ്ഞയുടൻ റോഡിൽ ബോംബ് എറിഞ്ഞു പൊട്ടിച്ചു നാലു പേർ തട്ടുകടയിലേക്ക് പാഞ്ഞു വന്നു. എന്നെ തള്ളി മാറ്റി ശുഹൈബിനെ വെട്ടുകയായിരുന്നുവെന്നു പരിക്കേറ്റ റിയാസ് പറയുന്നു.
നാലു പേരിൽ മൂന്നു പേരും ചേർന്നു ശുഹൈബിനെ വെട്ടുകയായിരുന്നു. തടയാൻ ചെന്ന റിയാസിനു കാലിനും നൗഷാദിനു കൈയ്ക്കും വെട്ടേറ്റു. രണ്ടാമത്തെ വെട്ടിനു നിലത്ത് വീണ ശുഹൈബിനെ അറുവുമാടുകളെ വെട്ടുന്നത് പോലെ തുരുതുരെ വെട്ടുകയായിരുന്നുവെന്ന് പരിക്കേറ്റ ഇരുവരും പറയുന്നു. ഒരാൾ ഇരുന്നാണ് വെട്ടിയതെന്ന് പറയുന്നു. ഇതിനിടെ വീണ്ടും ഒരു ബോംബ് പൊട്ടുകയായിരുന്നു.
വെട്ടുമ്പോൾ അക്രമികൾ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നു ഇവർ പറയുന്നു. നാലു മിനിറ്റോളം അക്രമികൾ ശുഹൈബിനെ അക്രമിക്കാനുണ്ടായിരുന്നു. വെട്ടിപ്പരിക്കേൽപ്പിച്ചതിനു ശേഷം നാലുപേരും കയറിയ കാർ അമിത വേഗതയിൽ മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്നു. പോകുന്നതിനിടെ അക്രമികൾ ഒരു തവണയും കൂടി ബോംബ് റോഡിൽ എറിഞ്ഞാണ് പോയത്. ശുഹൈബിനെ ലക്ഷ്യമിട്ടാണ് അക്രമികൾ എത്തിയതെന്ന് പരിക്കേറ്റവർ പറയുന്നു.