കടുത്തുരുത്തി: കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലായ വാട്ടർ അഥോറിറ്റിയുടെ പെരുവ മറ്റപ്പള്ളിക്കുന്ന് പന്പ് ഹൗസിലെ കുടിവെള്ള ടാങ്ക് ചോർന്നൊലിച്ചു അപകടാവസ്ഥയിൽ. മുഴുവനായും ജലം ശേഖരിച്ചാൽ ഏതുസമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ് ടാങ്ക്. വെള്ളൂർ-വെളിയന്നൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായി മുളക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ടാങ്കാണ് ചോരുന്നത്. ടാങ്കിൽനിന്നും വെള്ളം പുറത്തേക്കു പോകുന്നതിനാൽ വെള്ളം വിതരണം ചെയ്യുന്നതിനുള്ള മൂന്ന് വാൽവുകളും മുഴുവൻ സമയവും തുറന്നിട്ടിരിക്കുകയാണ്.
ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്താതിരിക്കുന്നതിനും കുടിനീർ പാഴായി പോകുന്നതിനും ടാങ്കിന്റെ ചോർച്ച കാരണമാവുകയാണ്. ടാങ്കിന്റെ കോണ്ക്രീറ്റ് അടർന്നു വീണ് കന്പികൾ തെളിഞ്ഞു കാണാവുന്ന അവസ്ഥയാണുള്ളത്. അടർന്നു വീഴുന്ന കോണ്ക്രീറ്റ് ദേഹത്തുവീണ് ജീവനക്കാർക്ക് അടക്കം പരിക്ക് പറ്റിയിട്ടുണ്ട്. പിറവം കക്കാട് നിന്നും ഏറ്റുമാനൂർ-കിടങ്ങൂർ കുടിവെള്ള പദ്ധതിക്കായി ജലം സംഭരിക്കുന്നതിനായി 35 വർഷം മുന്പ് സ്ഥാപിച്ചതാണ് ഇവിടുത്തെ ടാങ്ക്. 3.5 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണിത്.
വെള്ളൂർ-വെളിയന്നൂർ പദ്ധതി കമ്മീഷൻ ചെയ്തതോടെയാണ് ഏറ്റുമാനൂർ പദ്ധതിക്കു പകരം വെള്ളൂർ എച്ച്എൻഎൽന് സമീപം മുവാറ്റുപുഴയാറിലെ പ്ലാന്റിൽ നിന്നും ടാങ്കിലേക്ക് 190 എച്ച്പിയുടെ മോട്ടോർ ഉപയോഗിച്ചു വെള്ളം എടുക്കാൻ തുടങ്ങിയത്. ടാങ്കിന്റെ ചോർച്ച ദിനംപ്രതി കൂടി വരികയാണെന്നാണ് ജീവനക്കാർ തന്നെ പറയുന്നത്. പുലർച്ചെ നാല് മുതൽ രാത്രി പതിനൊന്ന് വരെ വെള്ളം ടാങ്കിലേക്ക് അടിക്കുന്നുണ്ട്.
വെള്ളത്തിന്റെ ഉപയോഗം കുറഞ്ഞ സമയാമായിട്ടും ഇത്രയും സമയം വെള്ളം പന്പ് ചെയ്തിട്ടും ആവശ്യത്തിന് ജലം എല്ലായിടത്തും എത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്. വേനൽ ശക്തമാകുന്നതോടെ മുഴുവൻ സമയവും പന്പ് ചെയ്താലും ആവശ്യത്തിന് വെള്ളം ലഭിക്കാനിടയില്ല. എന്നാൽ ടാങ്ക് ചോർന്ന് വെള്ളം പാഴാകുകയും ചെയ്യും. ഇത് വരും മാസങ്ങളിൽ മുളക്കുളം പഞ്ചായത്തിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമാക്കും.
പന്പ് ഓപ്പറേറ്റ് ചെയ്യാനായി നാല് താൽകാലിക ജീവനക്കാരാണ് ഇവിടുള്ളത്. അവർ ഇരിക്കുന്ന കെട്ടടത്തിന് മേൽക്കൂരയോ ശുചിമുറി സൗകര്യമോ ഇല്ല. പാന്പുകളുടെ ശല്ല്യവും ഇവിടെ രൂക്ഷമാണ്. ഒരു വർഷം മുന്പ് പന്പ് ഹൗസിലെ ഫ്യൂസ് കത്തിപോയിട്ട് അത് മാറ്റി സ്ഥാപിക്കാൻ പോലും വാട്ടർ അതോറിറ്റി അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.