
ആമ്പല്ലൂർ: ഏറെ നാളായുള്ള മുറവിളികൾക്കു ശേഷം മറ്റത്താൻ കടവ് പാലത്തിന്റെ അപ്രോച്ച് റോഡുകൾ ടാറിംഗ് നടത്തിയെങ്കിലും പാലം പഴയ സ്ഥിതിയിൽത്തന്നെ. പാലത്തിനു നടുവിലായി ഗതാഗത തടസം സൃഷ്ടിച്ചു കൊണ്ട് മെറ്റൽ കൂമ്പാരമാണ്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് പാലം ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും അപ്രോച്ച് റോഡുകളുടെ നിർമാണം പൂർത്തിയായിരുന്നില്ല.
ഉദയംപേരൂർ, മുളന്തുരുത്തി പഞ്ചായത്തുകളുടെ അതിർത്തിയായ പാലത്തിന്റെ അപ്രോച്ച് റോഡിന് സ്ഥലമെടുപ്പു പോലും പൂർത്തിയായിട്ടില്ല. ആമ്പല്ലൂർ ഭാഗത്തുനിന്ന് പാലം കഴിഞ്ഞുള്ള അപ്രോച്ച് റോഡ് വളരെ ഇടുങ്ങിയതാണ്. രണ്ടു വലിയ വാഹനങ്ങൾ നേർക്കുനേർ വന്നാൽ കുടുങ്ങുന്ന സ്ഥിതി.
പരിസരവാസികളുടെ വർഷങ്ങളായുള്ള ആവശ്യപ്രകാരമാണ് നിലവിലുള്ള റോഡിന്റെ ടാറിംഗ് രണ്ടു മാസം മുൻപ് നടത്തിയത്. എന്നാൽ പാലത്തിന്റെ ഉപരിതലം ഇപ്പോഴും ഒന്നും ചെയ്തിട്ടില്ല.
ആമ്പല്ലൂർ നിവാസികൾക്ക് കോട്ടയം എറണാകുളം ലിമിറ്റഡ് സ്റ്റോപ്പ് ബസ് സൗകര്യമുള്ള ഉദയംപേരൂർ, തെക്കൻ പറവൂർ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള മാർഗമാണിത്. പാലം കൂടി ടാറിംഗ് നടത്തി യാത്ര സുഗമമാക്കണമെന്നാണ് ആവശ്യമുയരുന്നത്.