കടനാട്: മാതൃവിലാപം കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണി യിച്ചു. എന്റെ പൊന്നിനെ എന്റെ കൈകളിലൊന്നു തരുമോ എന്നു പറഞ്ഞായിരുന്നു ആ വിലാപം. കടനാട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മറ്റത്തിപ്പാറ പുതിയാമഠത്തിൽ ജെൻസിന്റെയും (33) മകൻ ഒരു വയസുകാരൻ അഗസ്റ്റോയുടെയും മൃതദേഹങ്ങൾ മറ്റത്തിപ്പാറ പള്ളിയിലെത്തിച്ചപ്പോഴായിരുന്നു ആരെയും വേദനിപ്പിക്കുന്ന രംഗങ്ങൾ.
അപകടത്തിൽ സാരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഗസ്റ്റോയുടെ മാതാവ് ജോസ്മിയെ (30) ആശുപത്രിയിൽനിന്ന് നേരെ മറ്റത്തിപ്പാറ ഗാഗുൽത്താ പള്ളിയിലേക്ക് എത്തിക്കുകയായിരുന്നു. പൊന്നുമോനെ തന്റെ കൈകളിലൊന്നു തരുമോയെന്ന് ചോദിച്ച് പള്ളിമുറ്റത്ത് പൊട്ടിക്കരഞ്ഞ ഇവരുടെ കൈകളിലേക്ക് കുഞ്ഞിനെ നൽകി. തലയിലെ പരിക്കിന്റെ അസഹനീയമായ വേദന കടിച്ചമർത്തി ജോസ്മി, പൊന്നുമോനും പ്രിയതമനും അന്ത്യചുംബനം നൽകി.
അപകടത്തിൽ കാലിനു പൊട്ടലേറ്റ ഇവരുടെ മകൾ മൂന്നു വയസുകാരി ആഗ്നസ് ബന്ധുവിന്റെ തോളിൽക്കിടന്ന് ഇതെല്ലാം കണ്ട് ഏങ്ങിക്കരയുന്നുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ കടനാട്ടിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിലിടിച്ചത്. പിതാവിനും കുഞ്ഞിനും യാത്രാമൊഴിയേകാൻ നൂറുകണക്കിനാളുകൾ ഇന്നലെ പുതിയാമഠം വീട്ടിലേക്കും മറ്റത്തിപ്പാറ പള്ളിയിലേക്കും ഒഴുകിയെത്തി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഇന്നലെ രാവിലെ പത്തോടെയാണ് വീട്ടിലെത്തിച്ചത്.
ഭവനത്തിലെ ശുശ്രൂഷകൾക്ക് ഫാ. മാത്യു നന്തലത്ത് കാർമികത്വം വഹിച്ചു. പള്ളിയിലെ സംസ്കാര ശുശ്രൂഷകൾക്ക് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ മുഖ്യകാർമികത്വം വഹിച്ചു. ജോസ് കെ. മാണി എം പി, പി.സി. ജോർജ് എം എൽഎ, ഫ്രാൻസിസ് ജോർജ്, ജോയി ഏബ്രാഹം, നിഷ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, മാണി സി. കാപ്പൻ, ജോസഫ് വാഴയ്ക്കൻ, മാത്യു സ്റ്റീഫൻ, സജി മഞ്ഞക്കടന്പിൽ, കുര്യാക്കോസ് ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ്സണ് പുത്തൻകണ്ടം, പെണ്ണമ്മ ജോസഫ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.