കൊടകര: മറ്റത്തൂർ ഇറിഗേഷൻ കനാലിലൂടെ തുറന്നുവിടുന്ന വെള്ളം തകർന്നുകിടക്കുന്ന സ്പൗട്ടുകൾ വഴി പാഴായിപ്പോകുന്നു. കൃഷിയിടങ്ങളിലേക്ക് വെള്ളം തിരിച്ചുകൊണ്ട ുപോകാനുള്ള സ്പൗട്ടുകൾ തകരാറിലായിട്ട് വർഷങ്ങളായെങ്കിലും ഇവയുടെ അറ്റകുറ്റപണി നടത്താൻ ഇറിഗേഷൻ അധികൃതർ തയ്യാറാകാത്തതാണ് കനാലിന്റെ വാലറ്റത്തേക്ക് വെള്ളമെത്താത്തതിന് കാരണമാകുന്നത്.
മറ്റത്തൂർ പടിഞ്ഞാറ്റുമുറിപ്രദേശത്തേക്ക് കനാൽവെള്ളമെത്താത്തിനാൽ കിണറുകൾ വറ്റിതുടങ്ങിയിരുന്നു. ജനങ്ങളുടെ പരാതി കണക്കിലെടുത്ത് മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രനുൾപ്പടെയുള്ള ജനപ്രതിനിധികൾ രംഗത്തിറങ്ങി കനാലിലെ മാലിന്യങ്ങൾ നീക്കി നീരൊഴുക്കു സുഗമമാക്കാനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും വാലറ്റത്തുള്ള ചോങ്കുളത്തിലേക്ക് വെള്ളമെത്തിയില്ല.
കനാലിലൂടെ തുടർച്ചയായി നാലുദിവസത്തോളം വെള്ളം തുറന്നുവിട്ടിട്ടും വാലറ്റപ്രദേശങ്ങളായ മറ്റത്തൂർകുന്ന്, പടിഞ്ഞാറ്റുമുറി എന്നിവിടങ്ങളിലേക്ക് ആവശ്യമായ തോതിൽ വെള്ളമെത്തിക്കാൻ കഴിഞ്ഞില്ല. വെള്ളിക്കുളങ്ങര മുതൽ മറ്റത്തൂർ പടിഞ്ഞാറ്റുമുറി വരെ 19 കിലോമീറ്ററോളം നീളത്തിൽ ഒഴുകുന്ന കനാലിന്റെ തുടക്കം മുതൽ വാലറ്റം വരെ നിരവധി സ്പൗട്ടുകളാണുള്ളത്.
സ്പൗട്ടുകളിലെ ഷട്ടറുകൾ താഴ്ത്തിയിട്ട ശേഷം വെള്ളം തുറന്നുവിട്ടാലേ വാലറ്റം വരെ വെള്ളമെത്താറുള്ളു.എന്നാൽ സ്പൗട്ടുകളുടെ ഷട്ടറുകൾ തുരുന്പിച്ചും കോണ്ക്രീറ്റ് തകർന്നും കിടക്കുന്നതിനാൽ വെള്ളം പാഴായി പോകുകയാണ്.
വെള്ളിക്കുളങ്ങര, മോനൊടി, കടന്പോട് പ്രദശങ്ങളിലെ സ്പൗട്ടുകൾ വഴിയാണ് ഇങ്ങനെ വെള്ളം ഒഴുകിപോകുന്നത്. ഇതുമൂലം കനാലിന്റെ അവസാനഭാഗങ്ങളിലേക്ക് വെള്ളം എത്താതായി.
വർഷങ്ങളായി തുടരുന്ന ദുരവസ്ഥ പരിഹരിക്കാൻ ഇറിഗേഷൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.