കോടാലി: പ്രളയശേഷം പാഴ്ച്ചെടികളും പുല്ലും മാലിന്യങ്ങളും നിറഞ്ഞ് കിടന്ന മറ്റത്തൂർ ഇറിഗേഷൻ കനാലിന് ശാപമോക്ഷമാകുന്നു.മറ്റത്തൂർ പഞ്ചായത്തിലൂടെ 19 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കനാൽ തൊഴിലുറപ്പു പണിക്കാർ ഇറങ്ങിയാണ് വൃത്തിയാക്കുന്നത്. മറ്റത്തൂരിലെ കാർഷിക ഗ്രാമങ്ങളുടെ പച്ചപ്പു നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജലസ്രോതസാണ് മറ്റത്തൂർ ഇറിഗേഷൻ കനാൽ.
ചാലക്കുടി ജലസേചന പദ്ധതിയിലെ വലതുകര കനാലിന്റെ പ്രധാന ശാഖയാണ് മറ്റത്തൂർ കനാൽ. പ്രളയത്തെ തുടർന്ന് നീരൊഴുക്കിനു തടസമായി മാലിന്യങ്ങൾ നിറഞ്ഞും കാടുമൂടിയും കിടന്ന കനാൽ പുനരുദ്ധരിക്കേണ്ട ചുമതല ജലസേചന വകുപ്പിനാണെങ്കിലും അവരതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് മറ്റത്തൂർ പഞ്ചായത്ത് ഇടപെട്ട് ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി കനാൽ വൃത്തിയാക്കാൻ ആരംഭിച്ചത്.
7400 തൊഴിൽ ദിനങ്ങൾ കൊണ്ട് വെള്ളിക്കുളങ്ങര മുതൽ മറ്റത്തൂർ പടിഞ്ഞാറ്റുമുറി വരെയുള്ള 19 കിലോമീറ്റർ വരുന്ന കനാൽ പുനരുദ്ധരിക്കുന്നപണിയാണ് ഇപ്പോൾ നടക്കുന്നതെന്ന് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്.പ്രശാന്ത് പറഞ്ഞു.
21 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഇതിനു പുറമെ പ്രളയത്തിൽ കേടുവന്ന കനാലിന്റെ സ്പൗട്ടുകളും ഓവു ചാലുകളും അറ്റകുറ്റപണി നടത്തി ജലസേചന സൗകര്യം ഒരുക്കുന്നതിന് പഞ്ചായത്ത് ഫണ്ടിൽ നിന്ന് ആറു ലക്ഷം രൂപയും ചെലവഴിക്കുന്നുണ്ട്. വേനൽകടുത്ത് കാർഷിക വിളകൾ ഉണക്കു ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അടുത്താഴ്ചയോടെ പണികൾ പൂർത്തിയാക്കി കനാലിൽ വെള്ളമെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രശാന്ത് അറിയിച്ചു.
അതേ സമയം കനാൽ വെള്ളം തുറന്നുവിടാൻ വൈകുന്നത് പാടശേഖരങ്ങളിലെ മുണ്ടകൻ കൃഷിയെ ഉണക്കു ഭീഷണിയിലാക്കിയിട്ടുണ്ട്. ഒരാഴ്ചക്കകം കനാൽ വെള്ളമെത്തിയില്ലെങ്കിൽ നെൽച്ചെടികൾ ഉണങ്ങിനശിക്കുമെന്ന ആശങ്കയിലാണ് കർഷകർ