എസ്. മഞ്ജുളാദേവി
വെയിലുള്ള പകലുകളും മഞ്ഞും തണുപ്പുമുള്ള രാത്രികളുമാണ് കാബേജ്, കോളിഫ്ളവർ, റാഡിഷ്, ബ്രക്കോളി തുടങ്ങിയ പച്ചക്കറി തഴച്ചു വളരുവാൻ കഴിയുന്ന അന്തരീക്ഷം.
കൊടുംവേനലിന്റെ മാർച്ച് ഏപ്രിൽ മാസത്തിൽ ശീതകാല പച്ചക്കറികൾ സമൃദ്ധമായി വളർന്ന് നില്ക്കുന്ന കാഴ്ച അപൂർവമാണ്.
എന്നാൽ പ്രകൃതിയുടെ സ്വാഭാവിക ഭാവത്തിനെ തന്നെ ചെറുതായൊന്നു മാറ്റം വരുത്തി തണുപ്പ്കാല പച്ചക്കറികൾ കൃഷി ചെയ്തിരിക്കുകയാണ് മുൻ സബ് ഇൻസ്പെക്ടർ ജൈവകർഷകനുമായ ജി. പ്രസന്നൻ.
പോങ്ങുംമൂട് ബാപ്പുജി നഗറിലെ പി.വി. ഭവന്റെ മട്ടുപ്പാവിലാണ് കാബേജ് കായ്ച്ച് നില്ക്കുന്നത്. കോളിഫ്ളവറും ബ്രക്കോളിയും പൂവിട്ടുകഴിഞ്ഞു.
ഈ വർഷത്തെ കഠിനവെയിൽ തുടങ്ങിയ ജനുവരിയിലാണ് പ്രസന്നൻ തന്റെ ശീതകാല ജൈവകൃഷി തുടങ്ങിയത് ! മാർച്ച്-ഏപ്രിൽ-മേയ് മാസങ്ങളിൽ യാതൊരു ദാക്ഷണ്യവുമില്ലാതെ ഏൽക്കുന്ന വെയിലിനെ നിയന്ത്രിക്കുവാൻ ചെടികൾക്കു എട്ടടി മുകളിലായി പച്ചനിറത്തിലെ ഒരു ഷെയ്ഡ് നെറ്റ് സ്ഥാപിച്ചു.
ഈ നെറ്റിലൂടെ സൂര്യപ്രകാശം അന്പതു ശതമാനമായി നിയന്ത്രിക്കുവാൻ സാധിച്ചിട്ടുണ്ട്. ഒരു പരീക്ഷണമെന്ന നിലയിലാണ് വേനലിൽ തന്നെ സൂര്യന്റെ താപം നിയന്ത്രിച്ചു നിർത്തിക്കൊണ്ടുള്ള ശീതകാല പച്ചക്കറി കൃഷി.
ഏതായാലും വേറിട്ട ഈ പച്ചക്കറി കൃഷി വിജയം കണ്ടിരിക്കുകയാണ്. നല്ല രീതിയിൽ കാബേജും കോളിഫ്ളവറും റാഡിഷും ബ്രക്കോളിയും ഇലകൾ വിടർത്തുകയും കായ്കൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
ആനയറ ഒരു നഴ്സറിയിൽ കണ്ട ചീരകൃഷി കാഴ്ചയാണ് പ്രസന്നനെ ഈ പരീക്ഷണത്തിലേക്കു നയിക്കുന്നത്. ചീരതൈകൾ പാകിയിരിക്കുന്നതിനു എട്ടടി മുകളിലായി ഷെയ്ഡ് നെറ്റ് കെട്ടിയാൽ അമിത സൂര്യപ്രകാശത്തിൽ നിന്നും തൈകളെ രക്ഷിക്കുവാൻ കഴിയും എന്ന വാക്കുകൾ ഈ ജൈവകർഷകനു പുതിയ അറിവായി.
അങ്ങനെയാണ് ശീതകാല പച്ചക്കറി കൃഷിക്കും ഈ രീതി പരീക്ഷിക്കാം എന്ന ആശയം ഉദിക്കുന്നത്. തന്റെ പരീക്ഷണം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ ജി. പ്രസന്നൻ.
പ്രശസ്ത ജൈവകർഷകൻ ഉള്ളൂർ ആർ. രവീന്ദ്രന്റെ മേൽനോട്ടത്തിൽ നടന്ന സംസ്ഥാന കൃഷി വകുപ്പിന്റെ ആത്മ ഫാം ക്ലാസുകളിൽ നിന്നാണ് ജൈവകൃഷിയിൽ ജി. പ്രസന്നൻ പരിശീലനം ലഭിക്കുന്നത്.
2015 മുതൽ ജൈവകൃഷിയിൽ വിജയം കാണുന്ന പ്രസന്നന്റെ മട്ടുപ്പാവും മുറ്റവും നിറയെ പച്ചക്കറികളും ഫലവൃക്ഷങ്ങളുമാണ്. മണ്ണിലും ഗ്രോ ബാഗുകളിലും പെയിന്റ് ബക്കറ്റുകളിലുമായാണ് പച്ചക്കറികൾ കൃഷി ചെയ്തിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ ഗ്രോബാഗുകളിൽ ചേന, ചേന്പ്, മരച്ചീനി എന്നിവയും ഇപ്പോൾ കൃഷി ചെയ്തിട്ടുണ്ട്. മണൽ ചാക്കിൽ ധാരാളമായി വാഴകൃഷിയും ഉണ്ട്.
അപൂർവ പച്ചക്കറികളുടെ കൃഷിയും ഈ മുൻ പോലീസ് ഉദ്യോഗസ്ഥന്റെ പാഷൻ ആണ്. നീളൻ പടവലം മിനുസ പീച്ചിൽ, കടുകു, ചീരചേന്പ്, ചെറി തക്കാളി, സ്ട്രോബറി അങ്ങനെ നീളുന്നു വേറിട്ട പച്ചക്കറികൾ.
ഇത് കൂടാതെ പയർ, ചീര, കത്തിരിയ്ക്ക, മുളകു, തക്കാളി, വെണ്ട എന്നിവയുടെ വ്യത്യസ്ത ഇനങ്ങൾ മട്ടുപ്പാവിൽ കൃഷി ചെയ്തിട്ടുണ്ട്.
ആഫ്രിക്കൻ ചീര, സുന്ദരി ചീര, പച്ച സുന്ദരി തുടങ്ങിയ ചീര ഇനങ്ങൾ 40 സെന്റീമീറ്റർ നീളമുള്ള ആനക്കൊന്പൻ വെണ്ടയ്ക്ക തൊണ്ണൂറു സെന്റീമീറ്റർ നീളമുള്ള മീറ്റർ പയർ തുടങ്ങിയവ കൃഷിയിടത്തിലെ കൗതുക കാഴ്ചയാണ്.
ആറടിയിലധികം നീളമുള്ള നീളൻ പടവലവും അത്യപൂർവ വിരുന്ന് തന്നെ. ജില്ലാടിസ്ഥാനത്തിൽ മികച്ച മട്ടുപ്പാവ് കൃഷിക്കുള്ള സർക്കാരിന്റെ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.