വൈക്കം: വീടിന്റെ മട്ടുപ്പാവിലും പരിസരങ്ങളിലും ജൈവ പച്ചക്കറികൃഷി നടത്തുന്ന ചെറുകിട സംരംഭകൻ സമൂഹത്തിനു പ്രചോദനമാകുന്നു. വൈക്കം കിഴക്കേനട കവരപ്പാടിനടയിൽ പൂർണശ്രീയിൽ വി. രാമചന്ദ്രനായിക്കാണ് വിഷരഹിത പച്ചക്കറി കൃഷിയുടെ പ്രചാരകനായി സമൂഹത്തിനു ജൈവ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
പൂർണശ്രീ എന്ന പേരിൽ ഫുഡ് പ്രോഡക്ട് യൂണിറ്റ് നടത്തുകയാണ് രാമചന്ദ്രനായിക്ക്. തക്കാളി, വഴുതന, പാവയ്ക്ക, പടവലം, പീച്ചിങ്ങ, വെണ്ട, ചീര, പയർ, മുളക് തുടങ്ങി ഒൻപതോളം പച്ചക്കറി ഇനങ്ങളാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. പത്തുവർഷമായി വർഷത്തിൽ രണ്ടു തവണ രാമചന്ദ്രനായിക്ക് കൃഷി ചെയ്യുന്നുണ്ട്.
ആദ്യ വിളവിലെ ഫലങ്ങൾ പഴുപ്പിച്ചാണ് അടുത്ത കൃഷിക്കുള്ള വിത്ത് ശേഖരിക്കുന്നത്. വിളഞ്ഞു പാകമായ പച്ചക്കറി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സമീപവാസികൾക്കും നൽകുകയാണ് പതിവ്. രാമചന്ദ്രനായിക്കിന്റെ കൃഷിയിലെ സമർപ്പണം കണക്കിലെടുത്ത് സി.പി.എം കവരപ്പാടിനട ബ്രാഞ്ച് ഭാരവാഹികൾ വൈക്കം ടൗണ്‍ ലോക്കൽ സെക്രട്ടറി എം.സുജിന്റെ നേതൃത്വത്തിൽ കൃഷിയിടത്തിലെത്തി രാമചന്ദ്രനായിക്കിനെ പൊന്നാട ചാർത്തി ആദരിച്ചു.