വെള്ളം വറ്റിയ മാട്ടുപ്പെട്ടി ഡാം ഇപ്പോൾ കൗതുകക്കാഴ്ചകളുടെ കലവറയാണ്. വെള്ളം വറ്റിയെങ്കിലും ഡാമിനുള്ളിൽ തെളിഞ്ഞ കാഴ്ചകൾ നാട്ടുകാരിലും സഞ്ചാരികളിലും കൗതുകമുണർത്തുകയാണ്. ബ്രിട്ടീഷ് അധിനിവേശ കാലത്തെ നിർമാണങ്ങളുടെ അവശേഷിപ്പുകളാണ് കൗതുക കാഴ്ചയാകുന്നത്.
ബ്രിട്ടീഷുകാർ മൂന്നാറിലെത്തി തേയിലകൃഷി ആരംഭിച്ച 18-ാം നൂറ്റാണ്ടിൽ നിർമിച്ച പല നിർമാണങ്ങളും ഡാമിനടിയിൽ നിലനിൽക്കുന്നുണ്ട്. ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഡാമിനുള്ളിലുണ്ട്. ഇവിടെയുണ്ടായിരുന്ന മാരിയമ്മന്റെ വിഗ്രഹം മാട്ടുപ്പെട്ടിക്കു സമീപമുള്ള കുട്ടിയാറിൽ ക്ഷേത്രം നിർമിച്ച് അവിടെ പ്രതിഷ്ഠിക്കുകയായിരുന്നു. കരിങ്കല്ലിൽ കൊത്തിയെടുത്ത മൂലക്കല്ലും പ്രതിഷ്ഠ നടന്ന സ്തൂപങ്ങളുമെല്ലാം ഇവിടെ കാണാം.
മാട്ടുപ്പെട്ടി എന്ന ഗ്രാമത്തിന്റെ എല്ലാ അടയാളങ്ങളും ഇവിടെയുണ്ട്. കല്ലുകൊണ്ട് നിർമിച്ച തൊഴിലാളി ലയങ്ങളുടെയും ബ്രീട്ടീഷ് ഉദ്യോഗസ്ഥർ താമസിച്ചിരുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും കാണാം. സിമന്റ് ഉപയോഗിക്കാത കല്ലുകൾ അടുക്കി ഉയർത്തിയ കെട്ടിടങ്ങളുടെ ചുമരുകൾ ഇപ്പോഴും തകരാതെ നിലനിൽക്കുന്നുണ്ട്.
ഡാം നിർമിച്ച് ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും ചുമരുകൾ നിലംപൊത്താതെ നിൽക്കുന്നത് നിർമാണ വൈദഗ്ധ്യം വെളിപ്പെടുത്തുന്നതാണ്. വീടിനു മുറ്റത്തുള്ള തുളസിത്തറയിലെ വിളക്ക് തെളിക്കാനുള്ള സ്ഥലംപോലെ തോന്നിപ്പിക്കുന്ന ഒരു നിർമിതിയും ഇവിടെയുണ്ട്.
തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടങ്ങൾ നിർമിക്കുന്നതിന് സാധാരണ കല്ലുകളും ബ്രിട്ടീഷുകാർ താമസിക്കുന്നതിന് നിർമിച്ച കെട്ടിടങ്ങൾക്ക് വലിപ്പംകൂടിയ കല്ലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ രണ്ട് അവശിഷ്ടങ്ങളും കാണാം.
മൂന്നാറിൽനിന്നും കുണ്ടളയിലേക്ക് ഉണ്ടായിരുന്ന ട്രെയിൻ സർവീസിന്റെ അടയാളവും ഇവിടെയുണ്ട്. ട്രെയിൻ പാളത്തിന്റേതെന്നു കരുതുന്ന ഇരുന്പുകുറ്റിയും കാണാം. ഏറെ ദൂരെയുള്ള കരിങ്കല്ലുകൾ ഡാമിലേക്ക് ചുമക്കാതെ എത്തിക്കുന്നതിന് ഉപയോഗിച്ചിരുന്ന സംവിധാനത്തിന്റെ അവശേഷിപ്പുകളും ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളായി ഇവിടെയുണ്ട്.
വെള്ളം വറ്റിയതോടെ ഡാമിൽ തെളിഞ്ഞ കാഴ്ചകൾ പുതുതലമുറയ്ക്ക് കൗതുകമാകുന്നതിനോടൊപ്പം കഴിഞ്ഞകാലത്ത് ഇവിടെ നിന്നിരുന്ന ഒരു നാഗരികതയുടെ അറിവുകൾകൂടി പകർന്നു നൽകുകയാണ്.