ഇത്തരം ചിന്തകൾ ജംഗിൾബുക്ക് പോലുള്ള സാങ്കല്പിക കഥകളിൽ മാത്രം കണ്ടിട്ടുള്ളതെങ്കിൽ സ്പെയിനിലെ മാർക്കോസ് റോഡ്രിഗസ് പന്റോജ എന്ന എഴുപത്തിരണ്ടുകാരന്റെ ജീവിതം വ്യത്യസ്തമാണ്. 12 വർഷം ജംഗിൾബുക്കിലെ മൗഗ്ലിയെപ്പോലെ ചെന്നായ്ക്കൾ വളർത്തിയതാണ് ഇദ്ദേഹത്തെ.
ഏഴാം വയസിൽ സ്പെയിനിലെ സിയറ മൊറീന മലനിരകളിൽവച്ചാണ് മാർക്കോസിനെ ചെന്നായ്ക്കൾക്കു ലഭിക്കുന്നത്. 12 വർഷങ്ങൾക്കുശേഷം 19-ാം വയസിൽ കണ്ടെത്തുന്പോൾ നഗ്നപാദനായി ഭാഗികമായി നഗ്നത മറച്ച് ജീവിച്ച സ്ഥിതിയിലായിരുന്നു. മൃഗങ്ങളേപ്പോലെ മുരണ്ട് മാത്രമായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. ഇതിനുശേഷം സാധാരണജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരികയായിരുന്നു.
വവ്വാലുകളും പാന്പുകളും നിറഞ്ഞ ഗുഹയിൽ താമസിച്ചിരുന്ന കാലഘട്ടമായിരുന്നു ജീവിത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞിരുന്നതെന്ന് സ്പെയിലെ മൗഗ്ലി എന്നറിയപ്പെടുന്ന അദ്ദേഹം പറയുന്നു. പ്രായമായെങ്കിലും ഇപ്പോഴും മൃഗങ്ങളുടെ ശബ്ദങ്ങളും ചേഷ്ടകളും പുറപ്പെടുവിക്കാൻ കഴിയുന്നതിനൊപ്പം അവയോട് ആശയവിനിമയം നടത്താനും അദ്ദേഹത്തിനു കഴിയുന്നുണ്ട്.
എന്നാൽ, സമൂഹം ഇപ്പോഴും തന്നെ അംഗീകരിക്കാൻ കൂട്ടാക്കുന്നില്ലെന്നതാണ് അദ്ദേഹത്തെ കാട്ടിലേക്കു മടങ്ങിപ്പോകാൻ പ്രേരിപ്പിക്കുന്നത്.
ഗലീഷിയയിൽ ഒരു ചെറിയ വീട്ടിൽ പെൻഷൻ ഉപയോഗിച്ചാണ് മാർക്കോസ് തന്റെ ജീവിതം ഇപ്പോൾ തള്ളിനീക്കുന്നത്. മനുഷ്യജീവിതത്തിലേക്കു മടങ്ങിവന്നതു മുതൽ പല തവണ മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടു, ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരാൽ ചൂഷണം ചെയ്യപ്പെട്ടു- അദ്ദേഹം വേദനയോടെ ഓർക്കുന്നു.
മൃഗങ്ങളുടെയൊപ്പം ജീവിതം തുടങ്ങുന്നതിനു മുന്പും മാർക്കോസിന്റെ ജീവിതം നാടകംപോലെ നീളുന്നതായിരുന്നു. ചെറുപ്പത്തിലേ അമ്മ മരിച്ച അദ്ദേഹത്തെ മൂന്നാം വയസിൽ അച്ഛൻ ഒരു ആട്ടിടയനു വിറ്റു. ഇവിടെനിന്നാണ് കാട്ടിലേക്ക് എത്തപ്പെട്ടത്. തിരികെ നാട്ടിലെത്തിയപ്പോൾ സന്യാസിനീ സമൂഹം നടത്തിയിരുന്ന അനാഥാലയത്തിലായിരുന്നു ജീവിതം.
അവരാണ് രണ്ടു കാലിൽ നടക്കാനും മേശയിൽനിന്ന് കഴിക്കാനുമുള്ള ശീലം വളർത്തിയെടുത്തത്. പിന്നീട് കാട്ടിൽ താൻ താമസിച്ചിരുന്നു ഗുഹ തേടി ചെന്നപ്പോൾ അവിടെ കെട്ടിടങ്ങളും ഇലക്ട്രിക് ഗേറ്റുകളും ഉയർന്നുപൊങ്ങിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.