കറാച്ചി: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിന് കാരണം സ്ത്രീകളാണെന്ന് ആരോപിച്ചു പാക്കിസ്ഥാൻ പുരോഹിതന് രംഗത്ത്. ടെലിവിഷനില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സാന്നിധ്യത്തിലാണ് മൗലാന താരിഖ് ജമീല്‍ എന്ന പുരോഹിതന്റെ പരമാര്‍ശം നടത്തിയത്.
വ്യാഴാഴ്ച നടന്ന എഹ്സാസ് ടെലിത്തോണ്‍ ധനസമാഹരണ പരിപാടിയിലാണ് മൗലാന താരിഖ് ജമീല്‍ തത്സമയം ഇത്തരം പരാമര്‍ശം നടത്തിയത്.
സ്ത്രീകള്‍ മോശമായി വസ്ത്രം ധരിക്കുന്നത് കൊണ്ടാണ് രാജ്യത്ത് വൈറസ് വ്യാപിക്കുന്നതെന്ന് ജമീല്‍ കുറ്റപ്പെടുത്തി. അവരുടെ പെരുമാറ്റം മൂലമാണ് രാജ്യത്തിന് മേല്‍ ഇത്തരത്തിലുള്ള കോപം നിപതിക്കാന്‍ ഇടയാക്കിയതെന്നും ജമീല്‍ ആരോപിക്കുന്നുണ്ട്.
ഒരു മുസ്ലീമിന്റെ മകൾ നീചവൃത്തിയുടെ പാത തിരഞ്ഞെടുക്കുകയും യുവാക്കൾ അശ്ലീലത തെരഞ്ഞെടുക്കുകയും ചെയ്യുമ്പോൾ ദൈവത്തിന്റെ ശാപം കിട്ടും. ദൈവകോപം മാറുന്നതിനായി താൻ മാപ്പപേക്ഷിക്കുന്നുവെന്നും ജമീല്‍ പറഞ്ഞു. മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കുകയാണെന്നും ജമീല്‍ പറഞ്ഞിരുന്നു.
വലിയ ഒരു ചാനലിന്റെ ഉടമ എന്നോട് ചില ഉപദേശങ്ങൾ ചോദിച്ചു. ചാനലിൽ നിന്നുള്ള എല്ലാ നുണകളും ഇല്ലാതാക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ചാനൽ അടച്ചാലും നുണകൾ അവസാനിക്കില്ലെന്ന് ഉടമ മറുപടി നൽകി.
ഇത് ഇവിടെ മാത്രമല്ല, ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ഒന്നുതന്നെയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് ആ പരാമര്‍ശത്തിന് മാപ്പ് പറഞ്ഞു. നാവിന് വന്ന പിഴവാണെന്നായിരുന്നു വിശദീകരണം.
എന്നാല്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയതിന് ക്ഷമാപണം നടത്തിയിട്ടില്ല. സ്ത്രീകൾക്കെതിരായ പ്രസ്താവനയ്ക്ക് ഹ്യൂമൻ റൈറ്റ് കമ്മീഷൻ ഓഫ് പാകിസ്ഥാൻ രംഗത്തെത്തി. രാജ്യത്തെ പ്രമുഖ മാധ്യമമായ ഡോണ്‍ ദിനപത്രവും ഇതിനെതിരെ പ്രതികരിച്ചിരുന്നു.
മുഖ പ്രസംഗത്തില്‍ ഇതുപോലുള്ള പ്രസ്താവനകള്‍ ആശങ്കാജനകമാണെന്നും ഇത്തരം നിന്ദ്യമായ പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ പുരോഹിതനെ തിരുത്താതിരുന്നത് നാണക്കേടാണെന്നും വ്യക്തമാക്കിയിരുന്നു.