മിനിസ്ക്രീനിൽ നിന്നു ബിഗ് സ്ക്രീനിലേക്ക് ചേക്കേറിയ നിരവധി പേരുണ്ട്. അക്കൂട്ടത്തില്‍ മുന്‍നിരക്കാരിയാണ് മൗനി റോയ്. ഹിന്ദി ടെലിവിഷന്‍ ലോകത്തെ മിന്നും താരമായിരുന്ന മൗനി ഇന്ന് ബോളിവുഡിലെ നിറസാന്നിധ്യമാണ്. ജനപ്രീയ പരമ്പരയായ ക്യൂന്‍കി സാസ് ഭി കഭി ബഹു തി ആയിരുന്നു ആദ്യ പരമ്പര. പിന്നീട് ദേവോം കെ ദേവ് മഹാദേവ് മുതല്‍ നാഗിന് വരെയുള്ള സൂപ്പര്‍ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചു.
ഇപ്പോള്‍ ബോളിവുഡിലെ നിറ സാന്നിധ്യമാണ് മൗനി. പുതിയ സിനിമയായ ഭൂത്നിയുടെ പ്രൊമോഷന് തിരക്കുകളിലാണ് മൗനി ഇപ്പോള്‍. അക്ഷയ് കുമാര്‍ നായകനായ ഗോള്‍ഡിലൂടെയാണ് മൗനി ബോളിവുഡില്‍ അരങ്ങേറുന്നത്. രണ്‍ബൂര്‍ കപൂര്‍ നായകനായ ബ്രഹ്മാസ്ത്രയിലെ മൗനിയുടെ പ്രകടനം കൈയടി നേടിയിരുന്നു.
ഇതിനിടെ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു അതിക്രമത്തെക്കുറിച്ച് തുറന്ന് പറയുകയാണ് മൗനി. ഒരിക്കല്‍ താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലേക്ക് ഒരാള്‍ അതിക്രമിച്ച് കയറിയതിനെക്കുറിച്ചാണ് മൗനി സംസാരിച്ചത്. അഭിമുഖത്തിലാണ് മൗനി മനസ് തുറന്നത്. അന്നു ഞാനൊരു കൊച്ചു പട്ടണത്തിലായിരുന്നു താമസിച്ചത്. പേര് കൃത്യമായി ഓര്‍മ്മയില്ലാത്തതിനാല്‍ തെറ്റായ പേര് പറയുന്നില്ല.
ആരോ ഞങ്ങൾ താമസിച്ച ഹോട്ടൽ മുറിയുടെ താക്കോല്‍ മോഷ്ടിച്ച് രാത്രി മുറിയില്‍ കയറാന്‍ ശ്രമിച്ചു. ഭാഗ്യത്തിന് ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. എന്റെ കൂടെ എന്റെ മാനേജരും ഉണ്ടായിരുന്നു. ഞാന്‍ അലറിവിളിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായപ്പോള്‍ ഞങ്ങള്‍ റിസപ്ഷനിസ്റ്റിനെ വിളിച്ചു. അവര്‍ ഒന്നും സംഭവിക്കാത്തത് പോലെ ഹൗസ് കീപ്പിംഗ് ആയിരിക്കുമെന്ന് പറഞ്ഞു. ഞാന്‍ അവരെ ചോദ്യം ചെയ്തു. വാതിലില്‍ മുട്ടാതെയും കോളിംഗ് ബെല്‍ അർത്താതെയുമാണോ ഹൗസ് കീപ്പിംഗുകാര് വരുന്നത്? അതും രാത്രി 12.30ന്? എന്നും ചോദിച്ചു. അന്നത്തെ ആ സംഭവം ഇന്നും ഭയത്തോടെയാണ് ഓര്‍ക്കുന്നത്. ഭാഗ്യവശാല്‍ അന്ന് മോശമായൊന്നും സംഭവിച്ചില്ല- മൗനി വ്യക്തമാക്കി.