സ്വന്തം ലേഖകൻ
കോഴിക്കോട് : ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ)യും തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) പിടിമുറുക്കിയതോടെ സംസ്ഥാനത്തെ വനമേഖലയില്‍ ഒറ്റയാനായി മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീന്.
മാവോയിസ്റ്റ് ഗറില്ലാ സേനയുടെ കേരള തലവനും സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവും പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറിയുമായ ബി.ജി. കൃഷ്ണമൂര്‍ത്തിയെ പിടികൂടിയതോടെയാണ് വര്‍ഷങ്ങളായി ഭീഷണി സൃഷ്ടിച്ച മാവോയിസ്റ്റുകളുടെ അടിത്തറിയിളകിയത്.
ബാണാസുര, കബനീദളം, നാടുകാണി ദളങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സജീവമായുള്ളതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.
20 ല്‍ താഴെ മാവോവാദികള്‍ മാത്രമാണ് മൂന്നു ദളങ്ങളിലുള്ളത്. ഇതില്‍ സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള ബാണുസുര ദളമാണ് കൂടുതല്‍ ശക്തം.
ഛത്തീസ്ഗഢില്‍ 42 സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ട സംഭവത്തിലുള്‍പ്പെട്ട കമാന്‍ഡര്‍ സുന്ദരിയും ഇക്കൂട്ടത്തിലുണ്ട്.
കുഴിബോംബ് നിര്‍മാണത്തില്‍ ഏറെ വൈദഗ്ധ്യമുള്ള സുന്ദരിയും മൊയ്തീനും കൂടിയുള്ള ബാണാസുര ദളം കൂടി തകര്‍ക്കുകയെന്നതാണ് അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം.
പേരാമ്പ്ര മുതുകാട് പ്ലാന്റേഷന് കോര്പറേഷന് പരിസരത്ത് യോഗം നടത്തിയതും പോസ്റ്റര്‍ പതിച്ചതും മൊയ്തീന്റെ നേതൃത്വത്തിലായിരുന്നു.
സംഘടനാ തലത്തിലുള്ള പ്രശ്നങ്ങള്‍ മാവോയിസ്റ്റുകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പേര് കീഴടങ്ങിയേക്കുമെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.
കൃഷ്ണമൂര്‍ത്തി നേതൃത്വം നല്കിയ കബനി ദളത്തില്‍ നേരത്തെ കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ കവിത, ജിഷ, ജയണ്ണ എന്നിവരാണുള്ളത്.
രവി, യോഗേഷ് എന്നിവര്‍ നാടുകാണി ദളത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു ദളങ്ങളും സി.പി.മൊയ്തീന്റെ കീഴിലുള്ള ഒറ്റദളമാക്കി പ്രവര്‍ത്തിക്കാനുള്ള നീക്കവും നടക്കുന്നതായാണ് വിവരം.
കര്‍ണാടക, തമിഴ്നാട് നിന്നുള്ള മാവോയിസ്റ്റുകളും കേരളം സുരക്ഷിതമല്ലെന്ന് കണ്ട് മറ്റിടങ്ങളിലേക്ക് മാറിയിരിക്കുകയാണ്. മലപ്പുറം, പാലക്കാട് മേഖലകളുള്‍പ്പെടുന്ന ഭവാനി ദളത്തിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ നിര്‍ജീവമാണ്.
അതേസമയം അര്‍ബണ്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനവും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കിയതോടെ അര്‍ബണ്‍ മാവോയിസ്റ്റുകള്‍ക്ക് ഒത്തുചേരാനുള്ള സാഹചര്യം പോലുമില്ല.
ഇതോടെ നഗരങ്ങളില്‍ നിന്നുള്ള സഹായവും കാട്ടിനുള്ളിലെ മാവോയിസ്റ്റുകള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.