കൊല്ലം: യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുന്നതിന് മംഗളുരു-തിരുവനന്തപുരം റൂട്ടിൽ ഓടുന്ന മാവേലി എക്സ്പ്രസിൽ അധിക കോച്ച് ഏർപ്പെടുത്താൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു.
ഇതനുസരിച്ച് 16603 നമ്പർ മംഗളുരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിൽ ഒമ്പത് മുതൽ ജൂലൈ 28 വരെ ഞായർ ദിവസങ്ങളിൽ ഒരു ഏസി ത്രീ ‘ടയർ കോച്ച് അധികമായി ഉൾപ്പെടുത്തും.
16604 തിരുവനന്തപുരം- മംഗളുരു സെൻട്രൽ എക്സ്പ്രസിൽ പത്ത് മുതൽ ജൂലൈ 29 വരെ തിങ്കൾ ദിവസങ്ങളിൽ ഒരു ഏസി ത്രീ ടയർ കോച്ചും കൂടുതലായി ഏർപ്പെടുത്തും.
അതേ സമയം റെയിൽവേയുടെ ഈ തീരുമാനത്തിൽ പ്രതിഷേധവുമായി സ്ഥിരം യാത്രക്കാർ രംഗത്ത് വന്നിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്ന കാര്യത്തിൽ റെയിൽവേ ഉയർന്ന ക്ലാസ് യാത്രക്കാരെ മാത്രം പരിഗണിക്കുന്നു എന്നാണ് അവരുടെ ആക്ഷേപം.
രണ്ട് ട്രെയിനുകളിലും ഓരോ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചും സെക്കൻ്റ് ക്ലാസ് ജനറൽ കോച്ചും സ്ഥിരമായി അധികം ഏർപ്പെടുത്തണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.