ഏലൂർ: മഞ്ഞുമ്മൽ മാവേലി സ്റ്റോറിൽ ലോഡിറക്കുന്നതു സംബന്ധിച്ച് കുറച്ചു ദിവസങ്ങളായി നിലനിൽക്കുന്ന തർക്കത്തെത്തുർന്ന് നാട്ടുകാർ ലോഡ് ഇറക്കി.
ഒരു തവണ ഇവിടത്തെ ജീവനക്കാരൻ തെറ്റി നൽകിയ കൂലി തുടർന്നും ലഭിക്കണമെന്ന് ഐഎൻടിയുസി തൊഴിലാളികൾ ആവശ്യപ്പെട്ടതോടെ ഇവിടേക്ക് വരുന്ന ലോഡുകൾ ഈ വിഭാഗം തൊഴിലാളികൾ ഇറക്കാറില്ല.
തെറ്റായി നൽകിയ അധിക പണം ജീവനക്കാരന്റെ പക്കൽനിന്നു ഡിപ്പാർട്ടുമെന്റ് തിരികെ പിടിക്കുകയും ചെയ്തതോടെ അംഗീകൃത കൂലി മാത്രമേ നൽകാൻ കഴിയൂവെന്ന് മാവേലി സ്റ്റോർ ജീവനക്കാർ അറിയിച്ചതിനാലാണ് ലോഡ് ഇനി ഇറക്കില്ലെന്ന് തൊഴിലാളികൾ തീരുമാനിച്ചത്.
നഗരസഭാ ഭരണാധികാരികളോട് മാവേലി സ്റ്റോർ ജീവനക്കാർ സഹായം അഭ്യർഥിച്ചതോടെ ചുമട്ടുതൊഴിലാളി യൂണിയൻ നേതാക്കളുമായി കൗൺസിലർമാർ സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പരിഹാരമാകാത്തതിനാലാണ് പൊതുജന താൽപര്യപ്രകാരം ജനപ്രതിനിധികളും യുവജന സംഘടനകളും ചേർന്ന് ലോഡ് ഇറക്കിയത്.
കോവിഡിന്റെ സാഹചര്യത്തിൽ ജനം സാധനങ്ങൾക്കായി നെട്ടോട്ടം ഓടുമ്പോൾ സധാരണക്കാരുടെ ആശ്രയമായ മാവേലി സ്റ്റോറിൽ ഭക്ഷ്യക്ഷാമമുണ്ടാകാതെ ഇരിക്കാനാണ് ഈ നടപടിയെന്ന് ഇവർ പറഞ്ഞു.
രണ്ടു വാഹനങ്ങളിലായെത്തിയ ഒരു ടൺ അരി, തേയില, പഞ്ചസാര, കടല, പയർ, വെളിച്ചെണ്ണ എന്നിവയാണ് ഒരു മണിക്കൂറിനുള്ളിൽ നാട്ടുകാരുടെ സഹകരണത്തോടെ ഇറക്കിയത്. തുടർന്ന് ക്യൂ നിന്ന ജനങ്ങൾ സാധനങ്ങൾ വാങ്ങി പിരിഞ്ഞു.