പാലക്കാട്: മാവേലി സ്റ്റോർ ഡിസ്പ്ലേ ജീവനക്കാരുടെ ദിവസവേതനം അറുന്നൂറുരൂപയാക്കണമെന്ന് ഓൾ കേരള സപ്ലൈകോ ഫ്രണ്ട്- ജേക്കബ് ജില്ലാകമ്മിറ്റി വകുപ്പുമന്ത്രിയോടും സർക്കാരിനോടും ആവശ്യപ്പെട്ടു. ദിവസവേതനക്കാരെ സർക്കാർ ഒരു കാറ്റഗറിയിലും ഉൾപ്പെടുത്താത്ത നടപടിയേയും യോഗം അപലപിച്ചു.
നിലവിലുള്ള ദിവസവേതനക്കാരെ ഒഴിവാക്കി ശന്പളത്തിൽ കുറവുവരുത്തി പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കത്തിൽനിന്നും ഡിപ്പോ മാനേജർമാരും മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ്, പീപ്പിൾ ബസാർ മാനേജർമാരും നടത്തുന്ന ഗൂഢാലോചന ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഈ നീക്കത്തിൽനിന്നും മാനേജർമാർ പിന്തിരിയണമെന്നും യോഗം മുന്നറിയിപ്പുനല്കി. ഓവർടൈം ജോലിക്ക് അധികവേതനം നല്കാൻ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റുകളിലും നിത്യോപയോഗ സാധനങ്ങൾ എത്തിക്കാതെ ജനങ്ങൾ വലയുന്ന സാഹചര്യത്തിൽ ജനങ്ങൾ സപ്ലൈകോയെ കൈവിട്ട് അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണെന്നും യോഗം ആരോപിച്ചു.കളക്്ഷനു ആനുപാതികമായ രീതിയിൽ ജീവനക്കാർക്കു ശന്പളം നല്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജോലിസമയത്ത് ഒരു ചായപോലും നല്കാത്ത നടപടിയേയും യോഗം വിമർശിച്ചു. പാലക്കാട് അടച്ചുപൂട്ടിയ പീപ്പിൾ ബാർ തുറന്നു പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കണമെന്നും യോഗം സപ്ലൈകോ അധികൃതരോടും സർക്കാരിനോടും ആവശ്യപ്പെട്ടു.യോഗത്തിൽ സ്പ്ലൈകോ ഫ്രണ്ട്- ജേക്കബ് ജില്ലാ പ്രസിഡന്റ് എം.വി.മേരി അധ്യക്ഷത വഹിച്ചു.
സപ്ലൈകോ ഫ്രണ്ട്- ജേക്കബ് സംസ്ഥാന സെക്രട്ടറി പി.ഡി.ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.പാർട്ടി ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.ഡി.ഉലഹന്നാൻ, പാർട്ടിജില്ലാ ജനറൽ സെക്രട്ടറി പി.എം.കുരുവിള, സപ്ലൈകോ ഫ്രണ്ട്- ജേക്കബ്, ജില്ലാ സെക്രട്ടറിമാരായ എൻ.രമേഷ്, പി.കെ.ബിജു, ജില്ലാ ട്രഷറർ പങ്കജം തുടങ്ങിയവർ പ്രസംഗിച്ചു.