കോഴിക്കോട്: മാവേലി എക്സ്പ്രസിലെ യാത്രക്കാരുടെ ദുരിതത്തില്‍ ഒടുവില്‍ കണ്ണുതുറന്ന് റെയില്‍വേ. സംസ്ഥാനത്തു നൂറുകണക്കിനു യാത്രക്കാര്‍ ആശ്രയിക്കുന്ന മാവേലി എക്സ്പ്രസിന് ഒരു ജനറല്‍ കോച്ചുകൂടി അനുവദിക്കും. എപ്രില്‍ 22 മുതല്‍ മെയ് ആറുവരെയാണ് ട്രെയിന്‍ നമ്പര്‍ 16603 മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസിന് അഡീഷണല്‍ കോച്ച് അനുവദിച്ചത്.
ട്രെയിന്‍ നമ്പര്‍ 16604 തിരുവന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മാവേലി എക്സ്പ്രസിന് ഏപ്രില്‍ 23 മുതല്‍ മെയ് എഴുവരെയാണ് അഡീഷണല്‍ കോച്ച് അനുവദിക്കുക. മാവേലി എക്സ് പ്രസിലെ ദുരിത യാത്രയെക്കുറിച്ച് ‘രാഷ്ട്രദീപിക’ കഴിഞ്ഞ ചൊവ്വാഴ്ച വാര്‍ത്ത നല്‍കിയിരുന്നു.
തിരക്കുള്ള സമയങ്ങളില്‍ എസികോച്ചുകള് കൂടുതല്‍ അനുവദിക്കാന്‍ റെയില്‍വേ തയാറാകുമ്പോഴും ജനറല്‍ കോച്ചുകളെ അവഗണിക്കുന്ന റെയില്‍വേയുടെ സമീപനം യാത്രക്കാര്‍ക്കിടയിലും വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. കാല് കുത്താന്‍ പോലും ഇടമില്ലാത്ത ട്രെയിന്‍ യാത്രാ മധ്യേ മണിക്കൂറുകളോളം പിടിച്ചിടുന്നതും യാത്രക്കാരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് യാത്രാദുരിതത്തിനു പരിഹാരമായി എസി കോച്ചല്ല ജനറൽ കോച്ചാണ് അനുവദിക്കേണ്ടതെന്ന ആവശ്യമുന്നയിച്ച് രാഷ്ട്രദീപിക വാർത്ത നൽകിയത്.