കുമരകം സ്വദേശി എം.ജെ. ജേക്കബാണ് ജയിലിൽ മരിച്ചത്. മാർച്ച് 21-ന് പുലർച്ചെയാണു ജേക്കബിനെ ജയിലിൽ മരിച്ച നിലയിൽ കണ്ടത്. സംഭവം അന്വേഷിച്ച അന്നത്തെ മാവേലിക്കര ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് വിവേജ രവീന്ദ്രനാണു കൊലപാതക സൂചനയിലേക്കു വിരൽ ചൂണ്ടിയത്. സഹതടവുകാർ മർദിച്ചും ശ്വാസം മുട്ടിച്ചും ജേക്കബിനെ കൊലപ്പെടുത്തിയതാകാമെന്നും പോലീസ്, ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിനു പിന്നിലുണ്ടെന്നും വിവേജ രവീന്ദ്രന്റെ റിപ്പോർട്ടിലുണ്ട്.
മാർച്ച് 20-നു രാത്രി ജേക്കബിനെ മാവേലിക്കര ജയിലിൽ എത്തിച്ചു. പിറ്റേന്നു രാവിലെ ആറിനു ജയിലിലെ 11-ാം നന്പർ സെല്ലിൽ ജേക്കബിനെ മരിച്ച നിലയിൽ കണ്ടെത്തി. കൈയിലുണ്ടായിരുന്ന തൂവാല തൊണ്ടയിൽ തിരുകി ജേക്കബ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പോലീസിന്റെയും ജയിൽ അധികൃതരുടെയും കണ്ടെത്തൽ. തുടർന്നാണു മാവേലിക്കര ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് വിവേജ രവീന്ദ്രൻ അന്വേഷണം നടത്തിയത്.
തിരുവല്ലയ്ക്കു സമീപം ആശുപത്രി നടത്തുന്നതിനിടെ രോഗികളുടെ പേരിൽ ഇൻഷ്വറൻസ് തുക തട്ടിയെടുത്തെന്ന പരാതിയിലാണ് ജേക്കബ് ജയിലിലായത്. ജയിലിൽ കിടന്ന മൂന്നു പേർ ചേർന്ന് ജേക്കബിനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ജേക്കബിന്റെ ശരീരത്തിൽ മൂന്നിടത്തു ഗുരുതരമായ പരുക്കുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ജേക്കബ് മരിക്കുന്നതിനു മണിക്കൂറുകൾക്കു മുന്പുണ്ടായ പരിക്കുകളാണിത്. പരുക്കൻ പ്രതലത്തിൽനിന്നേറ്റതോ കട്ടിയുള്ള വസ്തുക്കൾകൊണ്ടു പ്രഹരിച്ചതു മൂലമോ ഉണ്ടായ പരുക്കുകളാണിതെന്നു സംശയിക്കുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഫോറൻസിക് റിപ്പോർട്ടിലും കൊലപാതകത്തിലേക്കു വിരൽ ചൂണ്ടുന്ന നിരവധി സൂചനകൾ നൽകിയിട്ടും പോലീസ് അന്വേഷണം നടത്തിയില്ല. സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നു സിഐയും വീഴ്ചയില്ലെന്നു ജയിൽ സൂപ്രണ്ടും പ്രതികരിച്ചു.