മാവേലിക്കര: മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉണ്ണികൃഷ്ണൻ ആനയുടെ ആരോഗ്യ പ്രശ്നങ്ങൾ പരിശോധിക്കാനായി ഫോറസ്റ്റ് സംഘം മാവേലിക്കരയിൽ എത്തി. ആനയുടെ ആരോഗ്യനില സംബന്ധിച്ച രാഷ്ട്രദീപിക വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
ആലപ്പുഴ ഡിഎഫ്ഒ സുമി ജോസഫ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ. ഗണേശൻ, സെഷൻ ഫോറസ്റ്റ് ഓഫീസർ കെ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കായി മാവേലിക്കരയിൽ എത്തിയത്.ആനപ്പാപ്പാന്മാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരെ വിളിച്ചുവരുത്തി ആനയുടെ അവസ്ഥയെ കുറിച്ചും സംഘം ചോദിച്ചറിഞ്ഞു. ഇന്ന് ഫോറസ്റ്റ് ഡോക്ടർ എത്തി വിശദമായ പരിശോധന നടത്തുമെന്നും സംഘം അറിയിച്ചു.
ദഹനക്കുറവും ശോധന ഇല്ലായ്മയും കാരണം ആനയുടെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലും വിദഗ്ദ ചികിത്സ ലഭ്യമാക്കാതെ ദേവസ്വത്തിന്റെ അനാസ്ഥ തുടരുകയായിരുന്നു. പല്ലുകൾ ഇളകിപ്പോയതിനാൽ പനംപട്ട, ഓല തുടങ്ങിയവ ചവച്ചരയ്ക്കാൻ സാധിക്കുന്നില്ല. അതിനാൽ, പുല്ല് മാത്രമേ ആനയ്ക്ക് നൽകാവൂ എന്ന് ദേവസ്വം ഡോക്ടർ നിർദേശിച്ചിട്ട് വർഷങ്ങളായെങ്കിലും നടപടി ഒന്നുമായിരുന്നില്ല.
ഇത്തവണത്തെ മദപ്പാടിന് ശേഷം അഴിച്ച ആനയുടെ ആരോഗ്യനില വളരെ മോശമാകുകയായിരുന്നു. എന്നാൽ ഇപ്പോൾ ആവശ്യമായ തീറ്റയെടുക്കാൻ പോലും വയ്യാത്ത അവസ്ഥയാണ് ആനയ്ക്കുള്ളത്. കഴിക്കുന്ന ആഹാരത്തിന്റെ 45 ശതമാനത്തിൽ താഴെ മാത്രമാണ് ദഹനം നടക്കുന്നതെന്ന് ഡോക്ടർമാരും അഭിപ്രായപ്പെട്ടിരുന്നു. ആനയ്ക്ക് നൽകാനായി കൃഷ്ണപുരം സിപിസിആർഐയിൽ നിന്ന് ഇന്ന് പുല്ല് എത്തിച്ചിട്ടുണ്ട്.