മാവേലിക്കര: ദേവസ്വം മാവേലിക്കര സബ്ഗ്രൂപ്പിലെ ഗജകേസരി ഉണ്ണികൃഷ്ണന്റെ ആരോഗ്യനില ദിനം പ്രതി വഷളാകുന്നുവെന്ന് ആക്ഷേപം. ദഹനക്കുറവും ശോധനയില്ലായ്മയും കാരണം ആനയുടെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലും വിദഗ്ധ ചികിത്സ ലഭ്യമാക്കാതെ ദേവസ്വത്തിന്റെ അനാസ്ഥ തുടരുകയാണ്.
പല്ലുകൾ ഇളകി പോയതിനാൽ പനന്പട്ട, ഓല എന്നീ ആഹാരങ്ങൾ ചവച്ചരയ്ക്കാൻ സാധിക്കാത്തതിനാൽ പുല്ലു മാത്രമേ ആനയ്ക്കു നൽകാവ ൂ എന്ന് ദേവസ്വം ഡോക്ടർ നിർദ്ദേശിച്ചിട്ടു വർഷങ്ങളായെങ്കിലും നടപടി ഒന്നുമായിട്ടില്ല. ഇത്തവണത്തെ മദപ്പാടിനു ശേഷം അഴിച്ച ഉണ്ണികൃഷ്ണന്റെ നില വളരെ മോശമാണെന്ന അഭിപ്രായമാണ് ആന പ്രേമികൾക്കുള്ളത്.
പൊതുവെ ശാന്ത സ്വഭാവക്കാരനായ ആന വളരെ ഉത്സാഹിയുമായിരുന്നു. എന്നാൽ ഇപ്പോൾ ആവശ്യമായ തീറ്റയെടുക്കാൻ പോലും വയ്യാത്ത അവസ്ഥയാണ് ആനയ്ക്കുള്ളത്. ആനയ്ക്കു കഴിക്കുന്ന ആഹാരത്തിന്റെ 45 ശതമാനം മാത്രം ദഹനമാണ് നടക്കുന്നതെന്നു ഡോക്ടർമാരും പറയുന്നു. കണ്ടിയൂർ ക്ഷേത്രത്തിലെത്തിയ ദേവസ്വം മെന്പറോടും, ഡോക്ടറോടും, ഫോറസ്റ്റ് ഓഫീസറോടും ആനയുടെ ഇപ്പോഴത്തെ ആരോഗ്യ നിലയെപ്പറ്റി അറിയിച്ചിരുന്നു.
ഉടനടി നടപടി സ്വീകരിക്കാമെന്നും ഇവർ ഉറപ്പും നൽകിയിട്ടുണ്ട്. എന്നാൽ മുൻ കാലങ്ങളിലേപ്പോലെ ഉറപ്പുകൾ ജലരേഖയാകുമോ എന്ന ആശങ്കയിലാണ് മാവേലിക്കരയിലെ ആനപ്രേമി സംഘം. 52 വയസോളം രേഖകളിൽ പ്രായമുള്ള മാവേലിക്കര ദേവസ്വം ഉണ്ണികൃഷ്ണനെ മാവേലിക്കര ക്ഷേത്രത്തിൽ എത്തിക്കുന്നത് 1992ലാണ്. അന്നുമുതൽ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് ഉണ്ണികൃഷ്ണനെന്ന ഗജരാജൻ.
പൊതുവെ ശാന്തശീലനാണെങ്കിലും ആദ്യകാലങ്ങളിൽ വലിയ ശബ്ദങ്ങൾ കേട്ടാൽ ഓടുന്ന സ്വഭാവം ഉണ്ണികൃഷ്ണനുണ്ടായിരുന്നു. അപ്പോൾ പോലും ആരെയും ഉപദ്രവിട്ടിച്ചിട്ടില്ല. ആനക്കാരുടെ സാമീപ്യം ഇല്ലെങ്കിൽ പോലും ആർക്കും ആനയുടെ അടുത്ത് പോകാൻ സാധിക്കുമെന്നതു കൊണ്ട് തന്നെ ജനങ്ങൾക്ക് അത്രയേറെ പ്രിയനാണ് ഉണ്ണികൃഷ്ണൻ.
ഉണ്ണികൃഷ്ണന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നടപടി സ്വീകരിക്കാത്ത ദേവസ്വം ബോർഡിനെതിരെ വൻ പ്രതിഷേധമാണ് നാട്ടിൽ ഉയർന്നുവരുന്നത്.