മാവേലിക്കര: സാന്പത്തിക ക്രമക്കേടിനെ തുടർന്ന് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായിരുന്ന മാവേലിക്കര താലൂക്ക് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് കോണ്ഗ്രസ് തൂത്തുവാരി. കോണ്ഗ്രസ് പാനലിലെ പൊതുവിഭാഗത്തിൽ ഗോപൻ കണ്ടിയൂർ (1087 വോട്ട്), മുരളി വൃന്ദാവനം (1026), മുരളീധരകൈമൾ (996), എം.കെ.ബിജുമോൻ (977), സജീവ് പ്രായിക്കര (968), ഷാനവാസ് ഖാൻ (890), വനിത വിഭാഗത്തിൽ ആനി സണ്ണി (1060), ശാന്തകുമാരി കണ്ടിശേരി (991), അമിലി കുട്ടപ്പൻ (975), പട്ടികജാതി, വർഗ വിഭാഗത്തിൽ എം.കെ.സുധീർ (1054), നിക്ഷേപക സംവരണത്തിൽ എം.ശ്രീകുമാർ (976) എന്നിവരാണു വിജയിച്ചത്.
6 ജനറൽ, 3 വനിത ഒന്നു വീതം പട്ടികജാതി, നിക്ഷേപക സംവരണ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്ഗ്രസ് സ്ഥാനാർഥികളായി മത്സരിച്ചവർ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത്. സിപിഎം പരസ്യമായി പിന്തുണച്ചു നിക്ഷേപക കൂട്ടായ്മ എന്ന പാനലിൽ മത്സരിച്ചവരാണു രണ്ടാം സ്ഥാനത്ത് എത്തിയത്. ബിജെപി പാനൽ മൂന്നാമതെത്തി. മൊത്തം 2101പേർ വോട്ടു ചെയ്തു. പൊതുവിഭാഗത്തിൽ 230, വനിതയിൽ 169, പട്ടികജാതി-വർഗവിഭാഗം 217, നിക്ഷേപക വിഭാഗം 237 വോട്ടുകൾ അസാധുവായി.
അന്തിമ വോട്ടർപട്ടികയനുസരിച്ച് മാവേലിക്കര താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലും നിന്നായി 8307 വോട്ടർമാരായിരുന്നു ഉള്ളത്. എന്നാൽ വോട്ടുരേഖപ്പെടുത്താനുള്ള തിരിച്ചറിയൽ കാർഡ് ബാങ്കിൽ നിന്ന് വാങ്ങിയത് 2179 പേർ മാത്രമാണ്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ശക്തമായ പോലീസ് സംവിധാനവും സിസി ടിവി സംവിധാനവും സ്ഥലത്ത് ക്രമീകരിച്ചിട്ടുണ്ടായിരുന്നു.
താലൂക്ക് സഹകരണബാങ്കിന്റെ തഴക്കര ശാഖയിലെ സാന്പത്തിക ക്രമക്കേട് പുറത്തുവന്നതിനെ തുടർന്നുള്ള സംഭവവികാസങ്ങളാണ് ബാങ്ക് ഭരണസമിതിയുടെ പിരിച്ചുവിടലിൽ കലാശിച്ചത്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ബാങ്ക് ഭരണസമിതിയ്ക്ക് ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. 2018 മാർച്ച് വരെ കാലാവധിയുണ്ടായിരുന്ന ഭരണസമിതിയെ 2017 സെപ്റ്റംബറിലാണ് പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപെടുത്തിയത്.
ഭരണസമിതി ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഭരണസമിതിയെ പുനസ്ഥാപിച്ചെങ്കിലും പിന്നീട് വീണ്ടും പിരിച്ചുവിട്ടു. ആറുമാസം വീതം കൂടുന്പോൾ അഡ്മിനിസ്ട്രേറ്റർ ഭരണം നീട്ടി വരികയായിരുന്നു. സഹകരണ വകുപ്പ് സീനിയർ ഇൻസ്പെക്ടർ എസ്.സന്തോഷാണ് നിലവിൽ അഡ്മിനിസ്ട്രേറ്റർ.
മൂന്ന് പതിറ്റാണ്ടിലധികം കോണ്ഗ്രസിലെ കോട്ടപ്പുറത്ത് വി.പ്രഭാകരൻ പിള്ളയായിരുന്നു ബാങ്ക് പ്രസിഡന്റ്. ഇദ്ദേഹത്തിനെതിരെ കേസെടുത്തതോടെ ഡിസിസി സെക്രട്ടറി കുര്യൻ പളളത്തിനെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ഇതിന് ശേഷമാണ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപെടുത്തിയിരുന്നത്.