മാവേലിക്കര: കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ലഹരി ഗുളികളും പൊതികളാക്കി സബ് ജയില്‍ വളപ്പിലേക്ക് വലിച്ചെറിയുന്നതു പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചയായാണു ജയിലിന്റെ അടുക്കള വശത്തുള്ള ഭാഗത്തേക്കു പുറത്തു നിന്നു കഞ്ചാവും മറ്റും ചെറിയ പൊതികളാക്കി ജയിലിനുള്ളിലേക്കു വലിച്ചെറിയുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
വിഷയം ചൂണ്ടിക്കാട്ടി ജയില്‍ അധികൃതര്‍ പോലീസ്, എക്സൈസ് അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും ഇതുവരെയും ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.പകല്‍ സമയത്താണു പൊതികള്‍ ജയിലിനുള്ളിലേക്കു വലിച്ചെറിയുന്നത്.
കോടതി വളപ്പിനു തെക്കുവശത്തു പടീത്തോടിനു കരയിലൂടെയുള്ള കോണ്‍ക്രീറ്റ് റോഡിലൂടെ നടന്നാല്‍ ജയിലിന്റെ മതില്‍ക്കെട്ട് ഭാഗത്തെത്താം. പ്രദേശത്തെ താമസക്കാരല്ലാത്ത പലരും പകല്‍ സമയത്ത് ഇരുചക്രവാഹനങ്ങളില്‍ ഇവിടെയെത്തി തമ്പടിക്കുന്നതു പതിവാണെന്നു പരിസരവാസികള്‍ പറയുന്നു.
ഇതു ചോദ്യം ചെയ്ത സമീപവാസികളെ ബൈക്കിലെത്തിയവര്‍ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായി. ജയില്‍ വളപ്പിലേക്കു പൊതിക്കെട്ട് വലിച്ചെറിയല്‍ വ്യാപകമായതോടെ ഇടയ്ക്കുള്ള സമയങ്ങളില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടു ഈ റോഡില്‍ പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.