മാവേലിക്കര: കുറ്റവാളികളെ തടവിൽ പാർപ്പിക്കുന്ന ജയിൽ വളപ്പിനെ പൊന്ന് വിളയുന്ന കൃഷിയിടമാക്കിയിരിക്കുകയാണ് പി. അനിൽകുമാറെന്ന സ്പെഷൽ ജയിൽ സൂപ്രണ്ട്. ജയിൽ വളപ്പിൽ കാടുകയറി കിടന്ന 50 സെന്റ് സ്ഥലമാണ് ഇന്ന് കൃഷിസ്ഥലമായി മാറിയിരിക്കുന്നത്. ഇവിടെ വിവിധയിനം പച്ചക്കറികൾ ജൈവ കൃഷി രീതി അവലംബിച്ചാണ് കൃഷിചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ തരിശുനിലം കൃഷി ഭൂമിയാക്കുവാനുള്ള പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ജയിൽ വളപ്പ് കൃഷിഭൂമിയായി മാറിയത്.
കാർഷിക വികസന പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷി ജയിൽ വളപ്പിൽ ആരംഭിച്ചിട്ട് മൂന്ന് മാസമായി. വെണ്ട, പടവലം, ചീര, പാവൽ, പയർ, വഴുതന, തക്കാളി, പച്ചമുളക്, കാന്താരി, ക്യാബേജ്, കോളിഫ്ളവർ, ക്യാരറ്റ്, ക്യാപ്സിക്കം, തടിയൻ, വെള്ളരി, കുക്കുംബർ, വിവിധതരം മത്തൻ കൂടാതെ കരനെൽകൃഷിയും ഇവിടെ ചെയ്തു വരുന്നു. ജയിൽ അന്തേവാസികളുടെയും ഉദ്യോഗസ്ഥരുടെയും പൂർണ പിന്തുണ കൃഷിക്കുണ്ട്. ജയിലിൽ ഉപയോഗിക്കേണ്ടതിന്റെ 40 ശതമാനം പച്ചക്കറിയും വളപ്പിൽ നിന്ന് തന്നെയാണ് ഇപ്പോൾ കണ്ടെത്തികൊണ്ടിരിക്കുന്നത്.
ഇതിനു പുറമെ പ്രദേശവാസികൾക്ക് പച്ചക്കറി വിപണനം ചെയ്ത് അതിലൂടെ ലഭിക്കുന്ന തുക സർക്കാരിലേക്ക് അടയ്ക്കുന്നുണ്ട്. കൃഷി വകുപ്പിന്റെ വലിയ സഹായമാണ് കൃഷിക്കായി ലഭിക്കുന്നതെന്ന് സൂപ്രണ്ട് അനിൽകുമാർ പറയുന്നു. നഗരസഭയുടെ എയറോബിക് കന്പോസ്റ്റ് യൂണിറ്റിൽ നിന്നും, അജയകുമാർ പുല്ലാട് എന്ന ജൈവ കർഷകനിൽ നിന്നും ലഭിക്കുന്ന വളമാണ് ജൈവകൃഷിക്ക് ഉപയോഗിക്കുന്നത്. മാവേലിക്കര നഗരസഭ ചെയർപേഴ്സണ് ലീലാഅഭിലാഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബി.അനിതകുമാരി, കൃഷി അഡീഷണൽ ഡയറക്ടർ സി.ആർ. രശ്മി, കൃഷി ഓഫീസർ എം.എൻ. പ്രസാദ്, അസി. കൃഷി ഓഫീസർ ഇന്ദുലേഖ എന്നിവരാണ് കൃഷിക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നത്.
ആദ്യമായാണ് മാവേലിക്കര ജയിൽ അധികൃതർ കൃഷിവകുപ്പുമായി സഹകരിച്ച് ഇത്തരത്തിൽ ഒരു പദ്ധതി ആരംഭിച്ചതെന്നും പരിമിതമായ കൃഷിവകുപ്പിന്റെ സഹായങ്ങളിൽനിന്ന് വലിയ മുന്നേറ്റമാണ് മാവേലിക്കര സ്പെഷൽ സബ് ജയിൽ ഉണ്ടാക്കിയിരിക്കുന്നതെന്നും അസി.കൃഷി ഓഫീസർ ഇന്ദുലേഖ പറയുന്നു. ജൈവ പച്ചക്കറി കൃഷിയിലൂടെ വിഷലിപ്തമല്ലാത്ത പച്ചക്കറി കഴിക്കുക എന്നതിലുപരി ജയിൽ അന്തേവാസികൾക്ക് മാനസിക ഉല്ലാസവും കൃഷി ചെയ്യുന്നതിലൂടെ ലഭിക്കുന്നു.
കുറ്റവാളികളായി എത്തുന്ന പലരും കൃഷിയുമായി ബന്ധപ്പെടുന്പോൾ പ്രകടമായ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് ജയിൽ സൂപ്രണ്ട് പറയുന്നു. കണ്ണൂരിൽ ജയിൽ സൂപ്രണ്ടായിരിക്കെ 2019 ലെ പൊതുമേഖല സ്ഥാപനങ്ങളിലെ ജൈവപച്ചക്കറി കൃഷിക്കുള്ള പുരസ്കാരം അനിൽകുമാറിന് ലഭിച്ചിട്ടുണ്ട്. 1992ലാണ് അനിൽ കുമാറിന് കൃഷിയോടുള്ള കന്പം ആരംഭിക്കുന്നത്. കർഷക കുടുംബത്തിൽ ജനിച്ച സോമരാജൻ എന്ന ജയിൽ സൂപ്രണ്ടുമായി ഒന്നിച്ചു ജോലിചെയ്യവെയാണ് കൃഷിചെയ്യണമെന്ന താത്പര്യം തുടങ്ങിയത്. പിന്നീട് അനിൽകുമാർ സേവനം അനുഷ്ഠിച്ചിട്ടുള്ള ജയിൽവളപ്പുകൾ എല്ലാം പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങളായി മാറ്റുകയായിരുന്നു.