മാവേലിക്കര: സ്പെഷൽ ജയിലിൽ മരിച്ച കോട്ടയം കുമരകം സ്വദേശി എം.ജെ. ജേക്കബിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായ വെളിപ്പെടുത്തലുമായി സഹ തടവുകാരൻ ഉണ്ണികൃഷ്ണൻ. ജേക്കബിനെ പോലീസ് മർദിക്കുന്നത് നേരിട്ടു കണ്ടുവെന്നും മർദിച്ച ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും മാവേലിക്കര കോടതിയിൽ മറ്റൊരു കേസിനായി എത്തിച്ച ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു. മജിസ്ട്രേറ്റിന് മൊഴി നൽകയതിനു ശേഷം തനിക്കു നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളാണെന്ന് ഉണ്ണികൃഷ്ണൻ മാവേലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കൊടുത്ത പരാതിയിലും പറയുന്നു.
എം.ജെ. ജേക്കബിനെ 11-ാം നന്പർ സെല്ലിലിട്ട് മർദിക്കുന്ന ശബ്ദം കേട്ടുവെന്നും മർദനത്തിനിടെ ജേക്കബ് ഉദ്യോഗസ്ഥരുടെ പക്കിൽ നിന്നും ഓടി. തന്നെ പാർപ്പിച്ചിരുന്ന ഒന്പതാം നന്പർ സെല്ലിന്റെ വാതിലിൽ വച്ച് ജയിൽ വാർഡൻമാർ ജേക്കബിനെ മർദിക്കുന്നത് കണ്ടുവെന്നും ജേക്കബിനെ മർദിച്ചത് ബുഹാരി, ബിനോയ്, സുജിത്ത് എന്നീ ഉദ്യോഗസ്ഥരാണെന്നുമാണ് ഉണ്ണികൃഷ്ണൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
ഈ ഉദ്യോഗസ്ഥർ ഒന്പതാം നന്പർ സെല്ലിന് മുന്പിൽ വച്ച് ജേക്കബിന്റെ പുറത്തിരുന്നുവരെ ക്രൂരമായി മർദിച്ചുവെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ജേക്കബിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി നൽകിയതിനു ശേഷം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റപ്പെട്ട തനിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനങ്ങൾ ആണെന്നാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഉണ്ണികൃഷ്ണൻ കോടതിക്കു നൽകിയ സങ്കട ഹർജിയിൽ വ്യക്തമാക്കി.
മാവേലിക്കര കോടതികളിൽ കേസുള്ള തന്നെ വീയൂർ സെട്രൽ ജയിലിലേക്കു മാറ്റിയത് മൊഴി കൊടുത്തതിലുള്ള പ്രതികാരം കാരണമാണ്. വിയ്യൂരിൽ എത്തിച്ച ശേഷം ഒരു കുടുസു തടവറയിൽ പാർപ്പിച്ച തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് മർദന വിവരം ജയിൽ സൂപ്രണ്ടിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് മർദനത്തിൽ അയവുണ്ടായതെന്നും എന്നാൽ വീണ്ടും ജയിലിലെ മരണം വാർത്തയായതോടെ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് വരികയാണെന്നും ഒരു കസ്റ്റഡി മരണത്തെ താൻ ഭയപ്പെടുന്നുവെന്നും തന്റെ ജീവനു സംരക്ഷണം നൽകണമെന്നുമാണ് ഉണ്ണികൃഷ്ണൻ മാവേലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ കൊടുത്തിരിക്കുന്ന പരാതിയിൽ പറയുന്നത്.
മറ്റൊരു കേസിന്റെ വാദത്തിനായി എത്തിയ ഉണ്ണികൃഷ്ണൻ കോടതിയോട് പരാതികൾ പറഞ്ഞപ്പോൾ കോടതി പരാതി എഴുതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
അസിസ്റ്റന്റ് പ്രിസണറെ സസ്പെൻഡ് ചെയ്തു
മാവേലിക്കര: സ്പെഷൽ സബ് ജയിലിൽ കോട്ടയം കുമരകം സ്വദേശി എം.ജെ. ജേക്കബ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് പ്രിസണറെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തു. മാവേലിക്കര ജയിലിലെ അസിസ്റ്റന്റ് പ്രസണറായ സുജിത്തിനെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്. കൃത്യ നിർവഹണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് സർവീസിൽ നിന്നും മാറ്റി നിർത്തുന്നതെന്നാണ് ജയിൽവകുപ്പിന്റെ വിശദീകരണം.
ജേക്കബിനെ ജയിലിലേക്ക് കടത്തിവിട്ടപ്പോൾ ദേഹപരിശോധന ഉൾപ്പെടെയുള്ളവ നടത്തിയത് സുജിത്ത് ആയിരുന്നു. എന്നാൽ സുജിത്ത് ജേക്കബ് കൈയിൽ സൂക്ഷിച്ചിരുന്ന കർച്ചീഫ് കണ്ടെത്തിയിരുന്നില്ല. എന്നാൽ മജിസ്ട്രേറ്റിന്റെ തെളിവെടുപ്പിൽ ഇയാൾ ഇത് എടുത്തു മാറ്റിയിരുന്നു എന്നു പറഞ്ഞിരുന്നു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴും സുജിത്തിന്റെ പരിശോധനയിലെ പോരായ്മകൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോഴത്തെ നടപടി.