മാവേലിക്കര: ഓണ്ലൈൻ തട്ടിപ്പുസംഘം മാവേലിക്കര സ്വദേശികളായ വൃദ്ധ ദന്പതികളുടെ അക്കൗണ്ടിൽ നിന്നും 30,000 രൂപ തട്ടിയെടുത്തു. മാവേലിക്കര കൊറ്റാർകാവ് പുളിമൂട്ടിൽ ജോർജ് ജോണ് (74) ഭാര്യ എൽസി (68) എന്നിവരുടെ ജോയിന്റ് അക്കൗണ്ടിലെ പണമാണ് തട്ടിപ്പിലൂടെ നഷ്ടമായത്. അക്കൗണ്ടിലെ സ്വകാര്യ വിവരങ്ങൾ പറഞ്ഞ് വിശ്വാസ്യത നേടിയെടുത്തശേഷമായിരുന്നു തട്ടിപ്പെന്ന് ദന്പതികൾ പറയുന്നു.
രണ്ട് എടിഎം കാർഡുകൾ ഉണ്ടെന്നും അതിനാൽ അവയുടെ നന്പർ വേണമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.15 ഓടെ വീട്ടിലെ ലാൻഡ് ഫോണ് നന്പറിലേക്കാണ് എസ്ബിഐ എൻആർഐ ശാഖയിൽ നിന്നാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫോണ് കോൾ എത്തിയത്.
എൽസി ഫോണ് എടുത്തതിനെ തുടർന്ന് ബാങ്ക് അക്കൗണ്ട് ആധാറുമായും പാൻകാർഡുമായും ബന്ധപ്പെടുത്തിയിട്ടുണ്ടോയെന്നും അക്കൗണ്ട് സംബന്ധമായ രഹസ്യവിവരങ്ങളും പറഞ്ഞ് വിശ്വാസ്യത നേടിയെടുത്തു. തുടർന്ന് അക്കൗണ്ടിന് രണ്ട് എടിഎം കാർഡുകൾ ഉണ്ടെന്നും പറഞ്ഞു. എന്നാൽ വിവരം തെറ്റാണെന്നും തന്റെ പക്കൽ ഒരു എടിഎം കാർഡേ നിലവിൽ ഉള്ളൂയെന്നും എൽസി വിളിച്ച ആളോട് പറഞ്ഞു.
അങ്ങനയെങ്കിൽ കാർഡിന്റെ ആദ്യ നാല് അക്കങ്ങൾ പറയാൻ ആവശ്യപ്പെട്ടു. പിന്നീട് ബാക്കി അക്കങ്ങൾ അവർ തന്നെ പറയുകയും കാർഡ് ഏത് തരത്തിലുള്ളതാണെന്ന് പറയുകയും ചെയ്തായും എൽസി പറയുന്നു. വിവരങ്ങൾക്ക് വ്യക്തത വരുത്താനായി ഫോണിലേക്ക് വന്നിരിക്കുന്ന ആറ് അക്ക ഒടിപി നന്പർ നൽകാൻ ആവശ്യപ്പെട്ടു. സന്ദേശം പൂർണമായും വായിച്ചു നോക്കാതെ നന്പർ പറഞ്ഞു കൊടുത്തു. എന്നാൽ ആദ്യംപറഞ്ഞ നന്പറിൽ പിശകുകളുണ്ടെന്നും വീണ്ടും നന്പർ പറയണമെന്നും ആവശ്യപ്പെട്ടു. അതും കൊടുത്തതിനു ശേഷം വീണ്ടും നന്പർ ആവശ്യപ്പെട്ടു.
എന്നാൽ ഫോണ് സംഭാഷണം ശ്രദ്ധയിൽ പെട്ട എൽസിയുടെ മകൻ അടുത്ത നന്പർ ആരാഞ്ഞപ്പോൾ ബാങ്കിലേക്ക് നേരിട്ടെത്തി വിവരങ്ങൾ നൽകാമെന്നു പറഞ്ഞ് ഫോണ് സംഭാഷണം അവസാനിപ്പിക്കയായിരുന്നു. തുടർന്ന് ഫോണിൽ വന്ന സന്ദേശങ്ങൾ പരിശോധിച്ചപ്പോഴാണ് വിവിധ വാലറ്റുകളിലേക്ക് 30,000രൂപ ട്രാൻസ്ഫർ ചെയ്യപ്പെട്ടതായി ശ്രദ്ധയിൽ പെട്ടത്. തുടർന്നു ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം മനസിലാകുന്നത്.
എന്നാൽ തനിയ്ക്ക് രണ്ട് എടിഎം കാർഡുകൾ ഉള്ളതായി ബാങ്ക് അധികൃതരും പറഞ്ഞുവെന്നും ഇത്തരത്തിൽ ബാങ്കിന്റെ വിവരങ്ങൾ തട്ടിപ്പ് കാർക്ക് ലഭിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ഇവർ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എസ്ബിഐ ബാങ്കിനും മാവേലിക്കര പോലീസിനും സൈബർ സെല്ലിലും പരാതികൾ നൽകി.