മാവേലിക്കര: ഒരു വർഷത്തിന് മുന്പ് ലോറി തട്ടി തകർന്നതിനെ തുടർന്ന് മൂന്ന് ദിവസത്തിന് മുൻപ് പുനസ്ഥാപിച്ച പുന്നമൂട് റയിൽവേ മേൽപാലത്തിന്റെ ക്രോസ് ബാരിയർ വീണ്ടും തകർന്നു.
ഈ വഴിയെത്തിയ കണ്ടയ്നർ ലോറിയിൽ തട്ടിയാണ് വീണ്ടും ക്രോസ് ബാരിയർ തകർന്നിരിക്കുന്നത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
കണ്ടയ്നറുമായി കായംകുളം ഭാഗത്തു നിന്നും മാവേലിക്കരയിലേക്ക് വന്ന ലോറിയാണ് ക്രോസ് ബാരിയറിൽ കുടുങ്ങിയത്. ഇതിനെ തുടർന്ന് മാവേലിക്കര കായംകുളം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
തുടർന്ന് ജെസിബി എത്തിച്ച് ക്രോസ് ബാരിയർ ലോറിയ്ക്ക് മുകളിൽ നിന്ന് മാറ്റുകയായിരുന്നു. ഇതിനിടെ രക്ഷാ പ്രവർത്തനത്തിന് എത്തിയ പ്രൊബേഷൻ വനിത എസ്ഐയും സംഘവും ബ്രീത്ത് അനലൈസർ ഉപയോഗിച്ചും മറ്റും ചെക്കിംഗ് നടത്തിയത് ജനരോക്ഷത്തിന് കാരണമായി.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ ബ്രീത്ത് അനലൈസർ ഉപയോഗിക്കരുതെന്ന ഡിജിപിയുടെ സർക്കുലർ മറികടന്നാണ് വനിത എസ്ഐ യും സിവിൽ പോലീസ് ഓഫീസറും ചെക്കിംഗ് നടത്തിയത്.
ഗതാഗത കുരുക്കിൽ കിടന്നവരെ ചെക്കിംഗ് നടത്തിയത് ചോദ്യം ചെയ്തവരോട് തങ്ങൾക്ക് എഴ് കേസുകളാണ് പോലീസ് മേധാവിയിൽ നിന്നും ലഭിച്ച ടാർജറ്റെന്നും അത് പൂർത്തീകരിക്കാനാണ് പരിശോധന നടത്തുന്നതെന്നും മറ്റും ആക്രോശിച്ചും പരുഷമായ ഭാഷയിൽ സംസാരിച്ചുമായിരുന്നു ഇരുവരുടേയും പ്രകടനം.
ഇതിനിടെ ബൈക്കിൽ എത്തിയ യുവാവിനോട് വനിത എസ്ഐ കയർക്കുകയും പോലീസ് ഉദ്യോഗസ്ഥൻ യുവാവിന്റെ കോളറിൽ പിടിച്ചു വലിച്ചുകൊണ്ട് പോയതും വിവാദമായി.
കാർ യാത്രികനും ഹൃദ്രോഗിയുമായ വയോധികനോട് ബ്രീത്ത് അനലൈസറിലൂടെ ഉൗതാൻ പറഞ്ഞു. എന്നാൽ അദ്ദേഹം മദ്യപിക്കുന്ന ആളല്ലെന്നും ഹൃദയത്തിൽ സെറ്റെങ്ത് ഇട്ടിരിക്കുന്നതിനാൽ ശക്തിയിൽ ഉൗതാൻ പറ്റില്ലെന്നും പറഞ്ഞെങ്കിലും വളരെ മോശമായ ഭാഷയിൽ വനിത പ്രൊബേഷൻ എസ്ഐ സംസാരിച്ചതായി കാർ യാത്രികൻ പറഞ്ഞു.
ഇതിനുശേഷം വയോധികനോട് സ്റ്റേഷനിൽ എത്താൻ നിർദേശം നൽകുകയും സ്റ്റേഷനിൽ എത്തിയശേഷം വിട്ടയക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസവും ഡയാലിസിസ് ചെയ്യാനായി ആശുപത്രിയിലേക്ക് പോകുവാനായി അമ്മയോടൊപ്പം എത്തിയ ഒരാളെ ആളുമാറി പിടികൂടുകയും അബദ്ധം മനസിലാക്കി പെറ്റി കേസ് എടുത്ത് വിട്ടയച്ചതും വിവാദമായിരുന്നു.