മാവേലിക്കര: ഓഫീസ് അടച്ചു വീട്ടിലേക്കു ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന യുവാവിനെ പോലീസ് ജീപ്പ് വട്ടംവച്ച് അപകടകരമായ നിലിയിൽ തടയുകയും അന്യായമായി കസ്റ്റഡിയിൽ എടുക്കുകയും ചെയ്ത എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുത്തിയിരുപ്പു സമരവും സ്റ്റേഷനു മുന്പിൽ കിടന്നുപ്രതിഷേധവും.
ഇന്നലെ രാത്രി എട്ടോടെ എ.ആർ. ജംഗ്ഷനിലായിരുന്നു സംഭവം. പരസ്യ ഏജൻസിയായ മിത്രം അഡ്വർടൈസിംഗ് സ്റ്റാഫ് വെട്ടിയാർ സ്വദേശി സുജിതും ഏജൻസി ഉടമയുടെ സഹോദരി പുത്രനും സ്ഥാപനം അടച്ചു വീട്ടിലേക്ക് പോകുകയായിരുന്നു. പോലീസ് ജീപ്പ് സിനിമാ സ്റ്റൈലിൽ അവരെ പിന്തുടർന്ന് എത്തി വട്ടം വച്ച് നിർത്തി.
അപകടത്തിൽ നിന്നും യുവാക്കൾ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബൈക്ക് റോംഗ് സൈഡാണെന്നും ഹെൽമറ്റില്ലയെന്നും ജീപ്പിലുണ്ടായിരുന്ന എസ്ഐ ജിജിൻ പറഞ്ഞു. പിഴ എഴുതിത്തന്നാൽ കോടതിയിൽ തുക അടയ്ക്കാമെന്നു പറഞ്ഞപ്പോൾ സുജിതിനെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോയി.
45 മിനിറ്റോളം നഗരത്തിൽ പലയിടങ്ങളിലായി സഞ്ചരിച്ച ശേഷമാണ് യുവാവിനെ സ്റ്റേഷനിൽ എത്തിച്ചത്. അവിടെയും ഒരുമണിക്കൂറോളം ഇരുത്തി. സംഭവം അറിഞ്ഞ് നഗരസഭ കൗണ്സിലറും കേരള കോണ്ഗ്രസ് -ജെ ജില്ലാ പ്രസിഡന്റുമായ കോശി തുണ്ടുപറന്പിൽ സ്റ്റേഷനിൽ എത്തിയതിനെ തുടർന്ന് എസ്ഐ സുജിത്തിനോട് പോകാൻ ആവശ്യപ്പെട്ടു.
ബൈക്കിന്റെ താക്കോൽ കൊടുക്കാൻ തയാറായില്ല. സംഭവം കേട്ടറിഞ്ഞെത്തിയ സ്ഥാപന ഉടമ അനിവർഗീസ് യുവാവിനെ അന്യായമായി കസ്റ്റഡിയിൽ എടുത്ത് പീഡിപ്പിച്ച എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരവും കോശി തുണ്ടിപറന്പിൽ സ്റ്റേഷനു മുന്പിൽ കിടന്ന് പ്രതിഷേധവും നടത്തി.
തുടർന്ന് സിഐ സ്ഥലത്തെത്തി ഇവരുമായി അനുരഞ്ജന ചർച്ച നടത്തി. സമരം രാത്രി 11.30 വരെ നീണ്ടു. തുടർന്നു ജില്ലാ പോലീസ് മേധാവി ഇവരെ ബന്ധപ്പെട്ട് എസ്ഐയ്ക്ക് എതിരെ നടപടി എടുക്കാമെന്ന് അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിച്ചത്.