മാവേലിക്കര: മാവേലിക്കര സബ്ജയിലിൽ കഴിഞ്ഞ ദിവസം എത്തിച്ച റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ ദുരൂഹത. ശ്വാസനാളത്തിൽ തൂവാല കുരുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നു മൃതദേഹ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹതയേറിയത്.
കോട്ടയം കുമരകം മഠത്തിൽ എം.ജെ. ജേക്കബിനെ (68)യാണ് വ്യാഴാഴ്ച രാവിലെ മാവേലിക്കര സബ്ജയിലിൽ മരിച്ച നിലയിൽ കണ്ടത്. സാന്പത്തിക തട്ടിപ്പിന്റെ പേരിൽ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്ത ജേക്കബിനെ ബുധനാഴ്ച രാത്രിയിലാണു മാവേലിക്കര ജയിലിലെത്തിച്ചത്.
രാത്രി 12ഓടെ മരണം സംഭവിച്ചതായാണു നിഗമനം. ജേക്കബിന്റെ ശ്വാസനാളത്തിൽ തൂവാല കുരുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നു വണ്ടാനം മെഡിക്കൽ കോളജിൽ പോലീസ് സർജന്റെ മൃതദേഹ പരിശോധനയിലാണ് കണ്ടെത്തിയത്.
തൂവാല ശ്വാസനാളത്തിൽ കുരുങ്ങി മൂന്നു മിനിറ്റിനകം മരണം സംഭവിച്ചിരിക്കാമെന്നും സർജൻ സൂചന നൽകിയിട്ടുണ്ട്. മൃതദേഹത്തിൽ ബാഹ്യമായ മുറിവുകളോ പാടുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. റിമാൻഡ് പ്രതി തൂവാല വിഴുങ്ങി ആത്മഹത്യ ചെയ്തതാകാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നാൽ, സഹതടവുകാരുടെ ശ്രദ്ധയിൽപ്പെടാതെ ജേക്കബിന് ആത്മഹത്യ ചെയ്യാൻ കഴിയുമോ എന്ന ചോദ്യം അവശേഷിക്കുന്നു. ജേക്കബ് അടക്കം 15 തടവുകാരാണ് സബ് ജയിലിലെ 11-ാം നന്പർ സെല്ലിൽ ഉണ്ടായിരുന്നത്. മറ്റാരെങ്കിലും ബലപ്രയോഗത്തിലൂടെ വായിലേക്കു തൂവാല തിരുകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സെല്ലിൽ തടവുകാർ തമ്മിൽ സംഘർഷമുണ്ടായിരുന്നോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി. കോര വെള്ളിയാഴ്ച വൈകുന്നേരം മാവേലിക്കര സബ്ജയിലിലെത്തി അന്വേഷണം നടത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.