മാവേലിക്കര: സ്പെഷൽ സബ് ജയിലിൽ പുതുതായി സ്ഥാപിച്ച സിസിടിവി സുരക്ഷാ സംവിധാനത്തിന്റെ ഉദ്ഘാടനം ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നിർവഹിച്ചു. സംസ്ഥാനത്തെ ജയിലുകളിൽ മൂന്നു മാസത്തിനുള്ളിൽ മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിക്കുമെന്നു ഋഷിരാജ് സിംഗ് പറഞ്ഞു. റിമാൻഡ് പ്രതികൾ മാത്രമുള്ള ജയിലുകളിലും ഭക്ഷ്യവസ്തുക്കൾ, സോപ്പ്, ലോഷൻ, കുട തുടങ്ങിയ ഉത്പാദന യൂണിറ്റുകൾ ആരംഭിക്കും.
ഓരോ മാസവും സംസ്ഥാനത്തെ മികച്ച ജയിലറെ കണ്ടെത്താനുള്ള പദ്ധതി അനുസരിച്ചു ഓഗസ്റ്റ് മാസത്തിൽ സംസ്ഥാനത്തെ മികച്ച ജയിലറായി തെരഞ്ഞെടുക്കപ്പെട്ടതു മാവേലിക്കര സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് പി.അനിൽകുമാർ ആണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
ബാർ അസോസിയേഷൻ പ്രസിഡന്റ് എൻ. മ·ഥൻ അധ്യക്ഷത വഹിച്ചു. സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് പി.അനിൽകുമാർ, പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം അസി.എൻജിനീയർ പി.കൃഷ്ണകുമാർ, സ്പെഷൽ സബ് ജയിൽ അസി.സൂപ്രണ്ട് ടി.അശോകൻ എന്നിവർ പ്രസംഗിച്ചു.