ചെറുവത്തൂർ: ഉത്രാടം നാളിൽ മാവേലി ബസ് ഓടിച്ച് ബസ്സ്റ്റാൻഡിലെത്തിയപ്പോൾ യാത്രക്കാരും നാട്ടുകാരും കൗതുത്തോടെ ചുറ്റും കൂടി.
സിനിമാ-നാടകനടനും സംവിധായകനുമായ സുജിത്ത് ബങ്കളമാണ് ഉത്രാടം നാളിൽ ജനകീയ ബസോടിച്ച് ചെറുവത്തൂർ ബസ്സ്റ്റാൻഡിലെത്തിയത്.
കോവിഡ് മഹാമാരിയെ നിയന്ത്രിച്ചു നിർത്തി നടക്കുന്ന ആദ്യ ഓണാഘോഷപരിപാടികളിൽ കലാരംഗത്തുള്ളവർക്ക് നിരവധി അവസരങ്ങൾ ലഭിച്ചതിന്റെ ആഹ്ലാദം പ്രകടിപ്പിക്കാനാണ് സുജിത്ത് ബങ്കളം മാവേലിയുടെ വേഷവിധാനങ്ങളോടെ സ്വകാര്യ ബസ് ഓടിച്ചെത്തിയത്.
സഹപ്രവർത്തകൻ മാവേലി വേഷമിട്ടെത്തിയത് ബസ് തൊഴിലാളികൾക്ക് ആവേശമായി.
അവർ ടൗണിലെ ഹോട്ടലിൽ കൊണ്ടുപോയി ചായയും ഇലയടയും വാങ്ങിക്കൊടുത്താണ് അടുത്ത ട്രിപ്പ് എടുക്കാൻ വിട്ടത്.
പുറത്തിറങ്ങിയതും ഇനി ഇറങ്ങാനുള്ളതുമായ ഏതാണ്ട് 15 സിനിമകളിൽ ഇതിനകം സുജിത്ത് അഭിനയിച്ചിട്ടുണ്ട്. ഒടുവിൽ “ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലും അഭിനയിച്ചു.
ജില്ലയിൽത്തന്നെ ചിത്രീകരണം നടന്നുവരുന്ന സുരാജ് വെഞ്ഞാറമൂട് മുഖ്യവേഷത്തിലെത്തുന്ന സിനിമയിലും അർജുൻ അശോകൻ നായകനാകുന്ന പ്രേമസല്ലാപത്തിലും സുജിത്തിന് അവസരം ലഭിച്ചിട്ടുണ്ട്.
13 വർഷമായി സ്വകാര്യ ബസ് ഡ്രൈവറായ സുജിത്ത് ഇപ്പോൾ കാരി-ചെറുവത്തൂർ, പടന്നക്കടപ്പുറം- വലിയപറമ്പ് ജനകീയം ബസിന്റെ സാരഥിയാണ്.
സംസ്ഥാന എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യ വകുപ്പ് സംയുക്തമായി പുറത്തിറക്കിയ ബോധവത്കരണ സിനിമയിൽ അഭിനയിക്കുകയും പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിക്കുകയും ചെയ്തു.
300 ലധികം വേദികളിൽ സിനിമ ഇതിനകം പ്രദർശിപ്പിക്കുകയും ചെയ്തു. കലാരംഗത്ത് ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന 36 കാരനായ ഈ യുവാവ് സിനിമാനടൻ സന്തോഷ് കീഴാറ്റൂരിന്റെ പിതൃസഹോദര പുത്രനാണ്.