കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനത്തില്‍ പോലീസിന്റെ വെടിയേറ്റു മരിച്ച മാവോയിസ്റ്റ് കുപ്പു ദേവരാജിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം മൂന്നിന് മുതലക്കുളം മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. രാവിലെ ഏറ്റുവാങ്ങുന്ന മൃതദേഹം മൂന്ന് മുതല്‍ 3.30 വരെ മുതലക്കുളത്ത് പൊതുദര്‍ശനത്തിന് വയ്ക്കാനാണ് തീരുമാനം. വ്യാജ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന വാദമുയര്‍ത്തിയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ ഒരുങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പോസ്റ്റര്‍ പ്രചാരണം നടന്നിരുന്നു. വ്യാജ ഏറ്റുമുട്ടല്വിരുദ്ധ മുന്നണിയെന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റര്‍ പ്രചരിച്ചിരുന്നത്. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ ഇതുവരെ പോലീസ് അനുമതി നല്‍കിയിട്ടില്ല. അതേസമയം മാവോയിസ്റ്റുകളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനെതിരെ ചില രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ മൃതദേഹം പൊതുദര്‍നത്തിന് വയ്ക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ 10ന് പ്രതിഷേധ പ്രകടനം നടത്തും. എന്നാല്‍ മൃതദേഹം തടയുന്ന നടപടിയിലേക്ക് തങ്ങള്‍ പോകില്ലെന്നും നേതാക്കള്‍ അറിയിച്ചു. എതിര്‍പ്പുകളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി എത്തിയതോടെ കോഴിക്കോട്ട് വന്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
സംഘര്‍ഷം ഉടലെടുക്കാതിരിക്കാന്‍ പോലീസ് കനത്ത സുരക്ഷയാണ് നഗരത്തിലും മെഡിക്കല്‍ കോളജിലും ഒരുക്കിയിരിക്കുന്നത്. കുപ്പു ദേവരാജിന്റെ മൃതദേഹം മാത്രമേ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളൂ. കാവേരി എന്ന അജിതയുടെ ബന്ധുക്കള്‍ ആരും തന്നെ എത്താതിനാല്‍ മൃതദേഹം മറ്റാര്‍ക്കും വിട്ടു നല്‍കില്ല. അജിതയുടെ ഭര്‍ത്താവാണെന്ന് അവകാശപ്പെടുന്നയാള്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയിരുന്നെങ്കിലും ഇവര്‍ വിവാഹതരായിരുന്നവെന്ന് തെളിയിക്കുന്ന രേഖകള്‍ ഇല്ലാത്തതിനാല്‍ ഇയാള്‍ക്ക് മൃതദേഹം നല്‍കാനാവില്ലെന്ന് പോലീസ് അറിയിച്ചിരുന്നു.
മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തിയില്ലെങ്കില്‍ താന്‍ ഏറ്റെടുക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസു നേരത്തെ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇതും പോലീസ് നിരസിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാനാണ് കോടതി ഉത്തരവുള്ളത്. അതിനാല്‍ തന്നെ മറ്റാര്‍ക്കും ഇവ കൈമാറാന്‍ സാധിക്കില്ലെന്നും പോലീസ് അറിയിച്ചത്.
കഴിഞ്ഞ 24നാണ് മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും കാവേരി എന്ന അജിതയും നിലമ്പൂരില്‍ കരുളായി വനത്തില്‍ കൊല്ലപ്പെട്ടത്. തന്റെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നതായും അതിനാല്‍ റീപ്പോസ്്റ്റ്മോര്ട്ടം നടത്തണമെന്നും ആവശ്യപ്പെട്ട് ദേവരാജിന്റെ സഹോദരന് ശ്രീധരന് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.