തലശേരി: തന്റെ സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർ ഉണ്ടെന്ന് അറസ്റ്റിലായ മാവോയിസ്റ്റ് ആന്ധ്രപ്രദേശ് പ്രകാശം ജില്ലയിലെ ചൈതന്യ എന്ന സൂര്യയുടെ മൊഴി.
ആന്റി ടെറിറിസ്റ്റ് സ്ക്വാഡാണ് സൂര്യയെ ചോദ്യം ചെയ്തത്. തന്റെ നാട്ടിൽ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളാണ് മാവോയിസ്റ്റ് സംഘത്തിലേക്ക് തന്നെ ആകർഷിച്ചതെന്നും സൂര്യ പറഞ്ഞു.
പത്ത് ദിവസം കസ്റ്റഡിയിൽ വിശദമായ ചോദ്യം ചെയ്ത ചെയ്ത ശേഷം സൂര്യയെ എ ടി എസ് കോടതിയിൽ ഹാജരാക്കി. കേളകത്ത് എ.കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ മാവോയിസ്റ്റ് സംഘത്തിലെ പ്രധാനിയായ സൂര്യ ആന്ധ്രയിൽ വെച്ചാണ് അറസ്റ്റിലായത്.
കേളകത്ത് ആയുധങ്ങളുമായി പ്രത്യക്ഷപ്പെട്ട ശേഷം റോഡ് മാർഗം ആന്ധ്രയിൽ എത്തി പുതിയ ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നതിനിടയിലാണ് പോലീസിന്റെ വലയിലായത്. കേളകം സംഭവവുമായി ബന്ധപ്പെട്ട് സൂര്യയെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കിയിരുന്നു.
ആന്ധ്രയിൽ നിന്നും അറസ്റ്റിലായി തലശേരി കോടതി റിമാൻഡ് ചെയ്തിരുന്ന സൂര്യയെ ഡിവൈ എസ്പി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്.
കനത്ത സുരക്ഷയിൽ രഹസ്യ കേന്ദ്രത്തിലാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡ് സൂര്യയെ ചോദ്യം ചെയ്തത്.
എൻജിനിയറിംഗ് ബിരുദധാരി കൂടിയായ സൂര്യയിൽ നിന്നും മറ്റ് ചില വിലപ്പെട്ട വിവരങ്ങൾ കൂടി എടിഎസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സൂര്യയും സി. പി മൊയ്തീനും രണ്ട് യുവതികളും ഉൾപ്പെടെയുളള സംഘം ആയുധങ്ങളുമായി കേളകത്തെത്തിയത്.
കോളനികളിൽ നിന്നും ഭക്ഷണ സാധനങ്ങൾ ശേഖരിച്ച സംഘം ലഘുലേഖകൾ വിതരണം ചെയ്യുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു