റെനീഷ് മാത്യു
കണ്ണൂർ: കണ്ണൂർ അന്പായത്തോട് ടൗണിൽ മാവോയിസ്റ്റുകൾക്ക് എത്താൻ വഴിയൊരുക്കിയത് കൊട്ടിയൂർ സ്വദേശിയുടെ നേതൃത്വത്തിൽ. മാവോയിസ്റ്റ് അനുകൂലസംഘടനയുടെ സജീവ പ്രവർത്തകനാണ് ഇയാൾ. അന്പായത്തോട് ടൗണിലെ ആൾക്കാരുടെ എണ്ണമടക്കം ഇയാൾ സംഘത്തിനു കൈമാറിയിരുന്നു.
മാവോയിസ്റ്റ് സംഘമെത്തുന്നതിനു മുന്പേ ഇയാൾ ടൗണിൽ തന്പടിച്ചിരുന്നു. ഇയാളുടെ നേതൃത്വത്തിൽ കൂടുതൽ ആളുകൾ അന്പായത്തോട് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ യൂണിഫോമില്ലാതെ നിലയുറപ്പിച്ചതായും ആഭ്യന്തരസുരക്ഷാ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
കർണാടക നക്സൽ വിരുദ്ധ സേനയുടെയും തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെയും നേതൃത്വത്തിൽ ഇന്നു മുതൽ മൂന്നു ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സംയുക്ത തെരച്ചിൽ നടത്തും. പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ, വയനാട് ജില്ലാ പോലീസ് മേധാവി ആർ.കറുപ്പസ്വാമി, കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ.
കബനി ദളത്തിന്റെ നേതാവും വർഷങ്ങളായി പോലീസ് തെരയുന്ന മാവോയിസ്റ്റ് നേതാവുമായ സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്പായത്തോട്ടിൽ പ്രകടനം നടത്തിയതെന്നാണു വിവരം. മാവോയിസ്റ്റ് അംഗങ്ങളായ വയനാട് സ്വദേശി രാമു, കർണാടക സ്വദേശിനികളായ കവിത, കീർത്തി എന്നിവരും ലഘുലേഖ വിതരണം ചെയ്തിട്ടുണ്ട്.
പുറമേ അഞ്ചു പേർ സംഘത്തിലുണ്ടെന്നാണ് കേന്ദ്ര ഇന്റലിജൻസ് വിഭാഗം നൽകിയിട്ടുള്ള റിപ്പോർട്ട്.തോക്കുമായി പ്രകടനം നടത്തിയതു കബനിദളത്തിലെ അഞ്ചംഗ സംഘമെന്നും രഹസ്യാന്വേഷണവിഭാഗം തിരിച്ചറിഞ്ഞു. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ ചുമതല സി.പി. മൊയ്തീനാണ്. പശ്ചിമഘട്ടത്തിൽ സി.പി. മൊയ്തീനും സോമനും ഉൾപ്പെടെ നാലു മലയാളികളാണ് മാവോയിസ്റ്റ് സംഘത്തിലുള്ളത്.
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടും പോലീസ് കാര്യമായി എടുത്തില്ലന്ന ആക്ഷേപവും നിലവിലുണ്ട്. മാവോയിസ്റ്റുകൾ സായുധ വിപ്ലവത്തിനു തയാറെടുക്കുന്നതിന്റെ മുന്നോടിയായിട്ടാണ് കൊട്ടിയൂർ അന്പായത്തോട് ടൗണിൽ ആയുധങ്ങളുമായി എത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്കുന്ന റിപ്പോർട്ട്.
സായുധ വിപ്ലവത്തിനു തയാറെടുക്കണമെന്ന ആഹ്വാനമാണ് ഇവർ വിതരണം ചെയ്യുന്ന ലഘുലേഖകളിൽ പറയുന്നത്. അധികാരം നേടിയെടുക്കുവാൻ ആയുധങ്ങൾക്കു മൂർച്ച കൂട്ടി സംഘടിക്കുവാനാണ് സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റിയുടെ ആഹ്വാനം.