രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി കറുത്ത ഇടനാഴിയില്‍ തെരച്ചില്‍; മോര്‍ച്ചറിക്ക് മുന്നില്‍ പോലീസും മനുഷ്യാവകാശ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

റെനീഷ് മാത്യു
mavo1

കണ്ണൂര്‍: നിലമ്പൂര്‍ വനത്തിനുള്ളില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി കറുത്ത ഇടനാഴിയില്‍ തെരച്ചില്‍ തുടങ്ങി. മാവോയിസ്റ്റുകളെ നേരിടാന്‍ കേരള പോലീസിന്റെ നേതൃത്വത്തില്‍ തയാറാക്കിയ കറുത്ത ഇടനാഴിയിലാണ് (ബ്ലാക്ക് കോറിഡോര്‍) തണ്ടര്‍ബോള്‍ട്ടിന്റെ നേതൃത്വത്തിലുള്ള സായുധസംഘം തെരച്ചില്‍ നടത്തുന്നത്.

കണ്ണൂര്‍ ജില്ലയിലെ ചിറ്റാരി കോളനിയില്‍ നിന്നും കണ്ണൂരിന്റെ കിഴക്കന്‍ മേഖല വഴി ചതിരൂര്‍ ആദിവാസി കോളനിയിലും തുടര്‍ന്ന് ആറളം ഫാമിനടുത്തുള്ള വിയ്റ്റനാം കോളനി വഴി ആറളം ഫാമിലെ പുനരധിവാസ മേഖലയിലും അവിടെ നിന്നും ചീങ്കണ്ണിപ്പുഴ കടന്ന് പൂക്കുണ്ട്, മുട്ടുമാറ്റി, കരിയന്‍കാപ്പ് തുടങ്ങിയ ആദിവാസി കോളനികള്‍ കടന്ന് വയനാട്ടിലെ ബ്രഹ്മഗിരി താഴ് വരയിലും തിരുനെല്ലി തോല്‍പ്പട്ടി വനാന്തരങ്ങളിലൂടെ നിലമ്പൂര്‍ അട്ടപ്പാടി വനങ്ങളിലേക്കും മാവോയിസ്റ്റുകള്‍ സഞ്ചരിക്കുന്ന പാതയാണ് കേരള പോലീസ് തയാറാക്കിയ ബ്ലാക്ക് കോറിഡോര്‍. കറുത്ത ഇടനാഴി കടന്നുപോകുന്ന മുപ്പതോളം ആദിവാസി ഊരുകളില്‍ പോലീസ് സേനയെ വിന്യസിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. മാവോയിസ്റ്റുകള്‍ ഇതിനെ ചുവപ്പന്‍ ഇടനാഴി എന്നാണ് വിശേഷിപ്പിക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ ആറളം, വീര്‍പ്പാട്, ചതിരൂര്‍, നീലായ്മല എന്ന പ്രദേശങ്ങള്‍ കര്‍ണാടക വനാതിര്‍ത്തിയുമായി അതിര്‍ത്തി പങ്കിടുന്നതാണ്. വയനാട്ടില്‍ നിന്ന് തമിഴ്‌നാട്ടിലെ തേനി, പെരിയകുളം, മുരുകമല ഭാഗത്തേയ്‌ക്കോ കര്‍ണാടക വനത്തിലെ തലക്കാവേരി പ്രദേശത്തേക്കോ ഊടുവഴികള്‍ ഉണ്ട്. നിലമ്പൂര്‍ സൗത്ത് നോര്‍ത്ത് ഡിവിഷനുകളോട് അതിര്‍ത്തി പങ്കിടുന്ന നീലഗിരി കാട്ടിലേക്കും മാവോയിസ്റ്റുകള്‍ രക്ഷപ്പെടുവാനുള്ള സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്.

സംസ്ഥാനത്ത് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന 80 ശതമാനവും വനമേഖലയാണ്. 25 കിലോമീറ്റര്‍ കഴിഞ്ഞാലേ കര്‍ണാടകയിലേ ഏതെങ്കിലും ജനവാസ കേന്ദ്രങ്ങളിലെത്തുമെന്നും പോലീസ് പറയുന്നു. കേരള, തമിഴ്‌നാട്, കര്‍ണാടക വനമേഖലയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുടെ താവളം ട്രൈജംഗ്ഷന്‍ എന്നാണ് അറിയപ്പെടുന്നത്. നിലമ്പൂര്‍ വനത്തിനുള്ളില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റുകളില്‍ നേത്രാവതി ദളത്തിന്റെ മിലിട്ടറി കമാന്‍ഡറായ വിക്രം ഗൗഡ എന്ന ശ്രീകാന്തും സഹകമാന്‍ഡര്‍ സുന്ദരി എന്ന ഗീതയും ഉള്‍പ്പെട്ടതായാണ് സൂചന. ഇവര്‍ മലപ്പുറം, കണ്ണൂര്‍, വയനാട് തുടങ്ങിയ വനാതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ആദിവാസി കോളനികളില്‍ 2013 മുതല്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിരുന്നു.

സമീപകാലത്ത് മാസങ്ങള്‍ക്കു മുമ്പ് രൂപീകരിച്ച നാടുകാണി ദളം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. രൂപേഷിന്റെയും ഷൈനയുടെയും അറസ്റ്റോടെ കേരളത്തിലെ പശ്ചിമഘട്ടം കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് പ്രവര്‍ത്തനം ഇവരുടെ നിയന്ത്രണത്തിലാണ്. കേരള പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസില്‍ ഇവരുടെ പേരും സ്ഥാനം പിടിച്ചിരുന്നു.

മോര്‍ച്ചറിക്ക് മുന്നില്‍ പോലീസും മനുഷ്യാവകാശ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം; 50ഓളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ പോലീസും മനുഷ്യാവകാശ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. മൃതദേഹം മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് മോര്‍ച്ചറി പരിസരം സംഘര്‍ഷഭരിതമായത്. മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ മോര്‍ച്ചറിക്ക് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചത് പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന സുരക്ഷ ചുമതലയുള്ള പോലീസ്  50ഓളം പ്രവര്‍ത്തകരെ ഇവിടെ നി ന്നും അറസ്റ്റ് ചെയ്തു നീക്കി.

Related posts