റെനീഷ് മാത്യു
കണ്ണൂർ: കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിനെതിരേ ജാഗ്രത പാലിക്കാൻ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് കേന്ദ്രആഭ്യന്തര മന്ത്രാലയം നിർദേശം നല്കി കഴിഞ്ഞു.
നിലമ്പൂർ കരുളായി വനത്തിൽ കഴിഞ്ഞ വർഷം മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിനു പകരം വീട്ടാനാണു മാവോയിസ്റ്റുകളുടെ ആക്രമണ പദ്ധതി. കേരളത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ച വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അതീവ ജാഗ്രത പുലർത്താനും നിലമ്പൂരിൽ മാവോയിസ്റ്റ് വേട്ടയ്ക്കു മേൽനോട്ടം വഹിച്ച മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് ദേബേഷ് കുമാർ ബെഹ്റയുടെ സുരക്ഷ ശക്തിപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.
ആക്രമണ ഭീഷണിയെ തുടർന്ന് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച അഞ്ച് ജില്ലകളിലെ 44 പോലീസ് സ്റ്റേഷനുകൾക്ക് സുരക്ഷ ശക്തമാക്കാനുള്ള നടപടികൾ ആഭ്യന്തരവകുപ്പ് കൈകൊണ്ട് വരികയാണ്. തമിഴ്നാട്-കേരള-കർണാടക വനാതിർത്തി പ്രദേശമായ നിലന്പൂർ ട്രൈ ജംഗ്ഷനിൽ
സായുധ മാവോയിസ്റ്റ് പ്രവർത്തകർ തമ്പടിച്ചിട്ടുള്ളതായും കേന്ദ്രരഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തകർ കരിങ്കൽ ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി സ്ഫോടകവസ്തുക്കൾ ശേഖരിച്ചതായും വിവരം ലഭിച്ചു. സംഘത്തിൽ മലയാളികളെക്കാൾ കൂടുതൽ തമിഴ്നാട്-കർണാട സ്വദേശികളായ മാവോയിസ്റ്റുകളാണ്. ബോംബ് നിർമാണത്തിൽ വൈദഗ്ധ്യം ഉള്ളവരാണ് സംഘത്തിലുള്ളത്. തിരക്കുള്ള സ്ഥലങ്ങളിലും വാഹനങ്ങളിലും ബോംബ് സ്ഫോടനം നടത്താൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകാനുള്ള പദ്ധതികളെക്കുറിച്ചുള്ള മുന്നറിയിപ്പും ഐബി നൽകിയിട്ടുണ്ട്.
ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ 25 സിആർപിഎഫ് ജവാൻമാർ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റുകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ചേർന്ന മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ തീരുമാനിച്ചു.
ആക്രമിക്കേണ്ട മാവോയിസ്റ്റ് നേതാക്കളുടെ ലിസ്റ്റ് തയാറാക്കാൻ പ്രത്യേക ദൗത്യസേനയ്ക്ക് നിർദേശം നല്കി കഴിഞ്ഞു. നേതാക്കൻമാരെ വധിക്കുന്നതിലൂടെ മാവോയിസ്റ്റുകളെ ഇല്ലാതാക്കാൻ സാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇവിടെ നിന്നും പിൻവലിയുന്ന മാവോയിസ്റ്റുകൾ ട്രൈ ജംഗ്ഷനിലേക്ക് ചുവപ്പൻ ഇടനാഴിയിലൂടെ സഞ്ചരിച്ച് എത്താനുള്ള സാധ്യതയുണ്ടെന്നും അതിനാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ഐബിയുടെ മുന്നറിയിപ്പ്.