കാളികാവ്: കാളികാവിലെ ഐഎസ്ആർഒ ശാസ്ത്രജ്ഞനു മാവോയിസ്റ്റ് ഭീഷണിയെത്തുടർന്നു പോലീസ് കനത്ത ജാഗ്രതയിൽ. പെരുന്നാൾ അവധിയിൽ യുവ ശാസ്ത്രജ്ഞൻ വീട്ടിലെത്തിയിട്ടുണ്ടെന്നു സ്ഥിരീകരിക്കുന്നതിനു വേണ്ടി കഴിഞ്ഞ ദിവസം ചോക്കാട് കല്ലാമൂലയിലെ ശാസ്ത്രജ്ഞന്റെ പിതാവിനെയാണ് അജ്ഞാതർ ആദ്യം സമീപിച്ചത്.
തുടർന്നു പോലീസിനു വിവരം കൈമാറി എന്നുള്ള ധാരണയിൽ ഇന്നലെ ശാസ്ത്രജ്ഞന്റെ പിതാവിനെ വീട്ടിൽ നിന്നു കാളികാവിലേക്കു പോകുന്ന വഴി ബൈക്കിൽ പിന്തുടർന്നെത്തിയ അജ്ഞാതൻ വീണ്ടും തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി. തിങ്കളാഴ്ച രാവിലെ പത്തിനു ചേനപ്പാടിക്കടുത്ത് കൃഷിയിടത്തിലായിരുന്ന ശാസ്ത്രജ്ഞന്റെ പിതാവിനെ മഴക്കോട്ട് ധരിച്ചു വനത്തിൽ നിന്നെത്തിയ നാലു പേരാണ് സമീപിച്ചത്.
ശാസ്ത്രജ്ഞൻ പെരുന്നാൾ അവധിക്കു വന്നിട്ടുണ്ടെന്നു ഉറപ്പു വരുത്തുകയായിരുന്നുവത്രെ ലക്ഷ്യം. സമീപത്തേക്കു വരാതെ വിട്ടുനിന്ന മൂന്നു പേരുടെ കയ്യിൽ തോക്ക് ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. ആദിവാസികൾ മുന്പ് താമസിച്ചിരുന്ന ഉൾവനത്തിലെ കോളനിയുടെ ഭാഗത്തേക്കായിരുന്നു ഇവർ മറഞ്ഞത്. പ്രകൃതിക്ഷോഭത്തെ തുടർന്നു മരം വീടിനു മുകളിൽ വീണു ഒരു കുട്ടി മരിച്ചതിനെ തുടർന്നു ആദിവാസികളെ ഇവിടെ നിന്നു രണ്ടു വർഷം മുന്പ് മാറ്റി പാർപ്പിച്ചിരുന്നു.
ഇടിഞ്ഞു പൊളിഞ്ഞ വീടുകൾ പലതും ഇവിടെ ഇപ്പോഴും നിലവിലുണ്ട്. ഇതുവഴി സൈലന്റ്വാലിയിലേക്കും മറുഭാഗത്തുള്ള കരുളായി, നിലന്പൂർ ഭാഗത്തേക്കും വനപാതയുണ്ട്. പോലീസ് സ്ഥലത്ത് പട്രോളിംഗ് ശക്തമാക്കുകയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ചെയ്തതിനെ തുടർന്നു വിവരം പോലീസിനു കൈമാറി എന്ന നിഗമനത്തിലാണ് വീണ്ടും മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ടവർ ശാസ്ത്രജ്ഞന്റെ പിതാവിനെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്നലെ പുല്ലങ്കോടിനടുത്ത് വച്ച് ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം.
ശാസ്ത്രജ്ഞനു പോലീസ് സംരക്ഷണമില്ലേയെന്നും ഒറ്റുക്കാർക്ക് മരണമാണ് ശിക്ഷയെന്നും മറ്റും പറഞ്ഞു ബൈക്കിലെത്തിയ മലയാളം സംസാരിക്കുന്ന അജ്ഞാതൻ പിതാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. നിമിഷങ്ങൾക്കകം തന്നെ ഇദ്ദേഹം വന്ന വഴി തന്നെ ബൈക്ക് ഓടിച്ചു തിരിച്ചു പോയി. വിവരമറിഞ്ഞു വണ്ടൂർ, നിലന്പൂർ സിഐമാരും തമിഴ്നാടിന്റെ ക്യൂ ബ്രാഞ്ച് ഉൾപ്പടെയുള്ള രഹസ്യന്വോഷണ വിഭാഗവും അന്വേഷണമാരംഭിച്ചു. പോലീസ് ശക്തമായ പട്രോളിംഗ് നടത്തുന്നുണ്ട്. തണ്ടർബോൾട്ട് സംഘം വനത്തിൽ പ്രാഥമിക തെരച്ചിൽ നടത്തി.