ഇരിട്ടി: മാവോയിസ്റ്റ് സാന്നിധ്യം തടയാൻ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും നിർദേശാനുസരണം ആറളം പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള പ്രവർത്തനം ഊർജിതം. രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി 30 കുടുംബങ്ങൾക്ക് ഇരിട്ടി സിവിൽ സപ്ലൈ ഓഫീസിൽ നടത്തിയ അദാലത്തിൽ റേഷൻ കാർഡ് ലഭ്യമാക്കി. കഴിഞ്ഞ ദിവസം ഫാമിൽ ആധാർ കാർഡ് നൽകുന്നതിനുള്ള ക്യാമ്പ് നടത്തിയിരുന്നു.
ആദിവാസി മേഖലയിലെ കുടുംബങ്ങളെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് ചില തത്പരകക്ഷികൾ വ്യാപകമായി ചൂഷണം ചെയ്യുന്നതായുള്ള കണ്ടെത്തലിനെ തുടർന്ന് ജില്ലാ കളക്ടറും പോലീസ് മേധാവിയും ആദിവാസി ഊരുകൾ നേരിട്ട് സന്ദർശിച്ചാണ് ഇവർക്ക് ആവശ്യമായ സേവനങ്ങൾ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കി വരുന്നത്.
പഞ്ചായത്തിലെ അറുപതോളം കുടുംബങ്ങൾക്ക് റേഷൻ കാർഡ് ലഭ്യമാക്കാനുണ്ട് . ഇതിൽ ചതിരൂർ 110 കോളനി, വിയറ്റ്നാം നവജീവൻ കോളനി, വീർപ്പാട് , കളരിക്കാട് എന്നിവിടങ്ങളിലെ 30 കുടുംബങ്ങൾക്കാണ് ഇരിട്ടി സിവിൽ സപ്ലൈസ് ഓഫീസിൽ നടത്തിയ അദാലത്തിൽ റേഷൻ കാർഡ് നൽകാനായതെന്ന് ആറളം സിഐ എ. സുധാകരൻ പറഞ്ഞു.
ബാക്കി കുടുംബങ്ങൾക്ക് റേഷൻ കാർഡ് നേരിട്ട് നൽകാനായി കോളനികൾ കേന്ദ്രീകരിച്ച് ക്യാന്പ് നടത്തി വേണ്ട ക്രമീകരണം നൽകുമെന്ന് സിവിൽ സപ്ലൈസ് ഓഫീസർ പറഞ്ഞു. എഎസ്പി ജി.ആനന്ദ്, ആറളം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൈഹാനത്ത് സുബി, താലൂക്ക് സപ്ലൈ ഓഫിസർ ജോജോ, ആറളം പോലിസ് ഉദ്യോഗസ്ഥരായ കെ.രഞ്ജിത്ത്, ദിലീപ് കൂവയിൽ, കെ.ശറഫുദീൻ, പ്രമോട്ടർ വി.സി.ശുഭ, ജാൻസി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.