റെനീഷ് മാത്യു
കണ്ണൂർ: വയനാട് ലക്കിടിയിൽ എത്തിയത് മലയാളികൾ ഉൾപ്പെടുന്ന കബനിദളത്തിലെ പത്തംഗ മാവോയിസ്റ്റുകൾ. അഞ്ചംഗസംഘം പണവും ഭക്ഷണവും ആവശ്യപ്പെട്ട് റിസോർട്ടിൽ എത്തുകയും വനത്തിനുള്ളിൽ തന്പടിക്കുകയുമായിരുന്നു. വയനാട്, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകൾ വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി ആഭ്യന്തര സുരക്ഷാ വിഭാഗം റിപ്പോർട്ട് നല്കിയിരുന്നു.
പണത്തിനും ഭക്ഷണത്തിനുമായി മാവോയിസ്റ്റുകൾ ഉപവൻ റിസോർട്ടിൽ എത്തുവാൻ സാധ്യതയുണ്ടെന്ന വിവരം ആഭ്യന്തരസുരക്ഷാ വിഭാഗത്തിനു നേരത്തെ ലഭിച്ചിരുന്നു. ഇവർ വയനാട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയും ചെയ്തിരുന്നു. അതിനാൽ മാവോയിസ്റ്റുകൾ എത്തി മണിക്കൂറുകൾക്കുള്ളിൽ തണ്ടർബോൾട്ടിന് അവിടെ എത്താനായി.
തണ്ടർബോൾട്ടിന്റെ വെടിവയ്പിൽ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് സംഘം കണ്ണൂർ-കോഴിക്കോട് വനാതിർത്തി പ്രദേശങ്ങളിലേക്ക് കടന്നതായാണ് വിവരം. അതിനാൽ കണ്ണൂർ, കോഴിക്കോട് വനാതിർത്തി പ്രദേശങ്ങളിൽ പോലീസ് കനത്ത ജാഗ്രത പുലർത്തുകയാണ്.
പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സി.പി. ജലീൽ വരാഹണിദളത്തിന്റെ നേതാവായ സി.പി. മൊയ്തീന്റെ സഹോദരനാണ്. സി.പി. ജലീൽ കബനിദളത്തിലെ പ്രധാനപ്പെട്ട നേതാവാണ്. വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ആദിവാസി കോളനികളിൽ പ്രചാരണം നടത്തിയത് സി.പി. ജലീലിന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമായിരുന്നു.
നിലന്പൂർ ഏറ്റുമുട്ടലിനു ശേഷം കേരള, കര്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ സംഗമകേന്ദ്രമായ ട്രൈ ജംഗ്ഷൻ കേന്ദ്രീകരിച്ച് നൂറോളം മാവോയിസ്റ്റുകൾ തന്പടിച്ചിരുന്നു. മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും 2016 നവംബർ 24 നാണ് നിലന്പൂർ കരുളായി വനത്തിൽ കൊല്ലപ്പെട്ടത്.
വയനാട്ടിലെ വനാതിർത്തിയിലെ കോളനികളിൽ കബനി ദളത്തിന്റെ സന്ദർശനം നിരവധി തവണ ഉണ്ടായിരുന്നു. വനാതിർത്തിയോട് ചേർന്നുള്ള ക്വാറികൾ, റിസോർട്ടുകൾ എന്നിവയുടെ ഉടമകളെ കേന്ദ്രീകരിച്ചായിരുന്നു പണപ്പിരിവ്. പണപ്പിരിവുമായി ബന്ധപ്പെട്ട് വയനാട്,പാലക്കാട് ജില്ലകളിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
പണം വേണമെന്ന ആവശ്യവുമായി ആദ്യം കത്തിന്റെ രൂപത്തിലാണ് ഉടമകൾക്ക് എത്തുന്നത്. പിന്നീട് സായുധ സംഘമായി എത്തുന്ന മാവോയിസ്റ്റ് സംഘം പണവുമായി മടങ്ങുകയാണ്.