തിരുവനന്തപുരം: പാലക്കാട് മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ മജിസ്റ്റീരിയിൽ അന്വേഷണം തന്നെ വേണമെന്ന് ആവശ്യപ്പെട്ടുള്ള സിപിഐ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സ്ഥലം കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തിയിരുന്നു. ഇവർ തയാറാക്കിയ റിപ്പോർട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു കൈമാറി. ഈ റിപ്പോർട്ടാണ് കാനം മുഖ്യമന്ത്രിക്കു കൈമാറിയത്.
വ്യാജ ഏറ്റുമുട്ടൽ തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. സ്ഥലത്തെ രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരുമെല്ലാം ഇതു തന്നെയാണു വ്യക്തമാക്കുന്നത്. ചർച്ചയ്ക്കു വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തശേഷമാണ് കൊലകളെന്നും മജിസ്റ്റീരിയൽ അന്വേഷണം കൊണ്ടു മാത്രമേ യാതാർഥ്യം പുറത്തുവരികയുള്ളുവെന്നും സിപിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.