അഗളി: മഞ്ചിക്കണ്ടി വനത്തിൽ മാവോയിസ്റ്റുകൾ വെടിയുതിർത്തിട്ടില്ലെന്നും പോലീസ് പ്രചരിപ്പിച്ചത് ആസൂത്രിത ഏറ്റുമുട്ടലാണെന്നും അട്ടപ്പാടി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി. ഏറ്റുമുട്ടൽ നടന്നുവെന്ന് പോലീസ് പറയുന്ന സ്ഥലം സന്ദർശിച്ചശേഷം ചേർന്ന യോഗത്തിലാണ് കോണ്ഗ്രസ് നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ഭീകരത കൈകാര്യം ചെയ്യുന്നവിധം വിഘടനവാദം ആരോപിച്ച് മാവോയിസ്റ്റുകളെ കൊന്നൊടുക്കുന്നത് നീതികരിക്കാനാവില്ല. മനുഷ്യവേട്ട പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. സംഭവസ്ഥലം സന്ദർശിച്ചതിൽനിന്നും മഞ്ചിക്കണ്ടി വനത്തിൽ ഏറ്റുമുട്ടൽ നടന്ന ലക്ഷണങ്ങളൊന്നും കാണാനില്ലെന്നും സംഗതിയുടെ നിജസ്ഥിതി കണ്ടെത്താൻ നടപടിയുണ്ടാകണമെന്നും അട്ടപ്പാടി ബ്ലോക്ക് കോണ്ഗ്രസ് ആവശ്യപ്പെട്ടു.
ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ഷിബു സിറിയക് അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയംഗം എൻ.കെ.രഘൂത്തമൻ, യുഡിഎഫ് ചെയർമാൻ കെ.രാജൻ, കൽക്കണ്ടി മണ്ഡലം പ്രസിഡന്റ് ബിനോയ് കുമ്മംകോട്ടിൽ, കോണ്ഗ്രസ് നേതാക്കളായ വി സി മാത്യു, എസ്.അല്ലൻ, ആദിവാസി കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് മുരുകേശ് എന്നിവർ പ്രസംഗിച്ചു.