കോഴിക്കോട്: വൈത്തിരിയിലുണ്ടായ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട സംഭവങ്ങൾ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി തയാറാവണം. മാവോയിസ്റ്റുകളെ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാണ് വൈത്തിരി വെടിവയ്പ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മൂന്നു മാവോയിസ്റ്റുകളാണ് പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. സർക്കാരിന്റെ നയമില്ലായ്മയാണ് ഇതിലേക്ക് നയിച്ചതെന്നും ചെന്നിത്തല പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് രൂപേഷിനെയും ഷൈനിയേയും തുള്ളിരക്തം വീഴ്ത്താതെയാണ് പിടികൂടിയത്. അവരെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ അന്നത്തെ സർക്കാരിനു സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടപ്പോൾ സർക്കാരിനെതിരെ ആഞ്ഞടിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നാവ് ഇറങ്ങിപ്പോയോ എന്നും ചെന്നിത്തല ചോദിച്ചു. കാനം ഇതൊന്നും അറിഞ്ഞില്ലെന്നാണ് പറയുന്നത്. അദ്ദേഹം ടിവിയും പത്രവും കാണാറില്ലെ. കാനത്തിന്റെ നിലപാട് തന്നെ അദ്ഭുതപ്പെടുത്തുന്നതായും ചെന്നിത്തല പറഞ്ഞു.