തിരുവനന്തപുരം: മാവോയിസ്റ്റുകൾക്കെതിരായ തണ്ടർബോൾട്ട്-പോലീസ് നടപടികളെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. സേനയെ കുറ്റപ്പെടുത്തുന്നതിൽ ന്യായമില്ലെന്നും മാവോയിസ്റ്റുകൾക്കു മനുഷ്യാവകാശത്തിന് അർഹതയില്ലെന്നും ടോം ജോസ് പറഞ്ഞു.
അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ സേനയെ കുറ്റപ്പെടുത്തുന്നതിൽ ന്യായമില്ല. കാട്ടിലെ യുദ്ധത്തിൽ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യാം. ആയുധം പ്രയോഗിക്കേണ്ടിടത്ത് ഒരു സെക്കൻഡ് വൈകിയാൽ സേനാംഗങ്ങൾക്കു സ്വന്തം ജീവൻ നഷ്ടപ്പെടും. സാധാരണക്കാർക്കുള്ള അവകാശം മാവോയിസ്റ്റുകൾക്ക് അവകാശപ്പെടാനാകില്ല- ചീഫ് സെക്രട്ടറി പറഞ്ഞു.
മനുഷ്യാവകാശത്തിന്റെ പേരിലുള്ള മാവോയിസ്റ്റുകൾക്കു വേണ്ടി ഉയരുന്ന വാദങ്ങൾ നിയമം അനുസരിക്കുന്നവരെ അവഹേളിക്കലാണെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.