കോഴിക്കോട് : മാവോയിസ്റ്റ് ബന്ധമാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത് മേലുദ്യോഗസ്ഥരുടെ അറിവോടെ. യുഎപിഎ ചുമത്തുന്നതിന് മുമ്പ് ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ അനുമതി ലോക്കല്‍ പോലീസ് തേടിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതും യുഎപിഎ ചുമത്തിയതും വ്യക്തമായ നിര്‍ദേശത്തെ തുടര്‍ന്ന് മാത്രമാണ് .
യുഎപിഎ ചുമത്തുന്നതിന് മുന്നോടിയായി ഡിജിപി പുറപ്പെടുവിച്ച മാനദണ്ഡങ്ങളെല്ലാം പാലിച്ചിരുന്നതായി പന്തീരാങ്കാവ് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ അനുമി വാങ്ങണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. ഇത് പ്രകാരം സിറ്റി പോലീസ് ക്മ്മീഷണര്‍ എ.വി.ജോര്‍ജ്ജിന്റെ അനുമതി പന്തീരങ്കാവ് പോലീസ് വാങ്ങിയിരുന്നു.
എഫ്ഐആര്‍ തയാറാക്കിയതും കമ്മീഷണറുടെയും മറ്റും അനുമതിയോടെ തന്നെയാണ്. സിപിഎം പ്രവര്‍ത്തകരായതിനാല്‍ കമ്മീഷണര്‍ ഐജിയേയും ഐജി എഡിജിപിയേയും ഡിജിപിയേയും ഇക്കാര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് നീങ്ങിയത്.
മുഖ്യമന്ത്രി കോഴിക്കോട് എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് അറസ്റ്റ്. അതിനാല്‍ യുഎപിഎ ചുമത്തുന്നതും മറ്റും വിവാദത്തിനിടയാക്കുമെന്ന് പോലീസിന് അറിയാമായിരുന്നു. ഇതോടെ മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങിയ ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്നാല്‍ യുഎപിഎ ചുമത്തിയതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഡിജിപിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഡിജിപി ഉടന്‍ തന്നെ ഐജിയേയും ചുമതലപ്പെടുത്തി. കൂടുതല്‍ അന്വേഷിക്കാതെ തന്നെ ഐജി യുഎപിഎ പിന്‍വലിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ചതും നേരത്തെ എല്ലാ കാര്യങ്ങളും മനസിലാക്കിയതിനെ തുടര്‍ന്നായിരുന്നു.
അതേസമയം വര്‍ഷങ്ങളായി അലന്ഷുഹൈബിനെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയായിരുന്നു. പന്തീരങ്കാവ് പോലീസ് വെള്ളിയാഴ്ച രാത്രി പരിശോധന നടത്തുന്നതിനിടെയാണ് മൂന്നംഗസംഘത്തെ കണ്ടത്. കഞ്ചാവ് വില്പനക്കാരനും വാങ്ങാനെത്തിയവരാണെന്നും കരുതി പോലീസ് വാഹനം നിര്‍ത്തി.
രണ്ടുപേര്‍ അവിടെ നില്‍ക്കുകയും മൂന്നാമന് ഓടിരക്ഷപ്പെടുകയും ചെയ്തു. രണ്ടുപേര്‍ പിടിയിലായാല്‍ മൂന്നാമനേയും പിടികൂടാമെന്ന് കരുതിയാണ് പോലീസ് രക്ഷപ്പെട്ടയാളെ പിന്തുടരാതിരുന്നത്. പിടിയിലായ ഇരുവരേയും ചോദ്യം ചെയ്തപ്പോഴാണ് രക്ഷപ്പെട്ടത് മാവോയിസ്റ്റ് നേതാവാണെന്ന വിവരം ലഭിച്ചത്.