കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ സിപിഎം കൈയോഴിയുന്നു. നിയമസഹായം വരെ ചെയ്തു നല്‍കുകയും മന്ത്രിയുള്‍പ്പെടെയുള്ളവര്‍ വീട് സന്ദര്‍ശിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് യുവാക്കള്‍ക്ക് നല്കിയ പിന്തുണയില്‍നിന്ന് പാര്‍ട്ടി അയയുന്നത്.
യുഎപിഎ ചുമത്തിയ പാര്‍ട്ടി അംഗങ്ങളായ ഒളവണ്ണ മൂര്‍ക്കനാട് താഹഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന് ഷുഹൈബ് (20) എന്നിവരെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാനാണിപ്പോള് തീരുമാനിച്ചത്. എന്നാല്‍ പെട്ടെന്ന് പുറത്താക്കിയാല്‍ അത് വിവാദത്തിനിടയാകുമെന്നതിനാല് നടപടി ഉടനുണ്ടാവില്ല.
അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിലും പോലീസ് ഇക്കാര്യം വ്യക്തമാക്കി. ഇതോടെ പാര്‍ട്ടി ജില്ലാ നേതൃത്വം നിലപാട് മയപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി പി.മോഹനന്റെ സാന്നിധ്യത്തില്‍ സൗത്ത് ഏരിയാകമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. യുവാക്കള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കും വിധത്തിലാണ് യോഗത്തിലും സിപിഎം നേതാക്കള്‍ വ്യക്തമാക്കിയത്. ജില്ലാകമ്മിറ്റി അംഗങ്ങളും പോലീസ് കണ്ടെത്തലിനെ അനുകൂലിച്ചതോടെ ജില്ലാ കമ്മിറ്റി സംസ്ഥാന സെക്രട്ടറിയേറ്റിനേയും ഇക്കാര്യം അറിയിക്കുകയായിരുന്നു.
യുവാക്കള്‍ക്ക് ജാമ്യം ലഭിച്ചാല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉള്‍പ്പെടെയുള്ള കേന്ദ്രസേനകള്‍ ഇരുവരേയും കസ്റ്റഡിയിലെടുക്കാനും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്താനുമുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കേന്ദ്രരഹസ്യാന്വേഷണ വിഭാഗം (ഐബി) യുവാക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്.
യുവാക്കള്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടാണ് ഐബി സമര്‍പ്പിച്ചതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ കേന്ദ്രസേനാവിഭാഗം അറസ്റ്റ് ചെയ്യും. ഇത് ദേശീയശ്രദ്ധ ആകര്‍ഷിക്കും.
ദേശീയ മാധ്യമങ്ങളുള്‍പ്പെടെ വിഷയം കൈകാര്യം ചെയ്യും. പിന്നീട് ഈ അറസ്റ്റും ജാമ്യം നല്‍കലുമെല്ലാം സംസ്ഥാന സര്‍ക്കാറിന്റെ കഴിവുകേടായി വരുത്തിതീര്‍ക്കാന്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുകയും ചെയ്യും. ഈ സാഹചര്യം നിലനില്‍ക്കെയാണ് സിപിഎം ജില്ലാ നേതൃത്വം യുവാക്കളെ പിന്തുണയ്ക്കുന്നതില്‍ നിന്ന് പിന്മാറാന് തീരുമാനിച്ചതെന്നാണ് സൂചന.
ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അനുഭാവികളേയും താഴേക്കിടയിലുള്ള പ്രവര്‍ത്തകരേയും നിരീക്ഷിക്കാനും ജില്ലാനേതൃത്വം ഏരിയാ കമ്മിറ്റികള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന പ്രവര്‍ത്തകരെയാണ് നിരീക്ഷിക്കുന്നത്. പാര്‍ട്ടി രീതികളുമായി യോജിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.