കോഴിക്കോട്: വയനാട് വൈത്തിരിയ്ക്കടുത്ത ലക്കിടിയിൽ പോലീസിന്റെ വേടിയേറ്റ് മാവോയിസ്റ്റ് നേതാവ് സി.പി.ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ, ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകളാണെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെയും, ഉത്തരമേഖല ഐജി ബൽറാംകുമാർ ഉപാധ്യായയുടെയും വാദം പൊളിയുന്നു.
പോലീസാണ് മാവോയിസ്റ്റുകൾക്കുനേരെ ആദ്യം വെടിഉതിർത്തതെന്ന റിസോർട്ട് മാനേജരുടെ പ്രസ്താവനയും, വെടിയേറ്റത് തലയ്ക്ക് പിന്നിലാണെന്ന ഇൻക്സ്റ്റ് റിപ്പോർട്ടും പുറത്തുവന്നതോടെ പോലീസ് പ്രതിക്കൂട്ടിലായിരിക്കയാണ്.
പണം വാങ്ങി പുറത്തേക്കു പോകുന്പോൾ പോലീസ് എത്തിയെന്നും പിൻഭാഗത്തെ വനത്തിലേക്ക് ഓടി രക്ഷപെടാൻ ശ്രമിക്കുന്പോൾ പോലീസ് സംഘം വെടിവച്ചുവെന്നുമാണ് സംഭവം നടന്ന ഉപവൻ റിസോർട്ടിലെ ജീവനക്കാരുടെ വെളിപ്പെടുത്തൽ. നാടൻ തോക്കുമായി രക്ഷപെടാൻ ശ്രമിച്ച ജലീലിനും കൂട്ടാളിക്കും നേരെ യന്ത്രതോക്ക് ഉപയോഗിച്ച് പോലീസ് വെടിവയ്ക്കുകയായിരുന്നെന്നാണ് റിസോർട്ട് ജീവനക്കാർ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്.
ഏകപക്ഷീയമായി പോലീസ് നടത്തിയ വേട്ടയ്ക്കെതിരെ ഗ്രോ വാസുവടക്കം പൊതുപ്രവർത്തകരും ജലീലിന്റെ സഹോദരൻ റഷീദും കുടുംബാംഗങ്ങളും രംഗത്തെത്തിയിരിക്കയാണ്. മവോയിസ്റ്റുകളാണ് ആദ്യം വെടിവച്ചതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും ഉത്തരമേഖല ഐജി ബൽറാംകുമാർ ഉപാധ്യായയും ഇന്നലെ പ്രസ്താവിച്ചിരുന്നു.
ഇത് അപ്പാടെ നുണയാണെന്ന് മുൻ നക്സൽനേതാവുകൂടിയായ ഗ്രോ വാസു ആരോപിച്ചു. 2003 ഫെബ്രുവരി 18ന് വയനാട് മുത്തങ്ങയിൽ ആദിവാസികൾക്കുനേരെ നടന്ന പോലീസ് വെടിവയ്പിൽ ഒരു ആദിവാസി കൊല്ലപ്പെട്ടിരുന്നു. പോലീസ് ആദിവാസികൾക്കുനേരെ പ്രയോഗിച്ചത് വെറും റബർ ബുള്ളറ്റും, പ്ളാസ്റ്റിക് പെല്ലറ്റുമാണെന്ന് അന്നത്തെ ഡിജിപി കെ.ജെ. ജോസഫ് പ്രസ്താവിച്ചതാണ്.
ഇതുസംബന്ധിച്ച് അദ്ദേഹം വാർത്താകുറിപ്പും ഇറക്കിയിരുന്നു. എന്നാൽ പിറ്റേന്ന് ക്രൈംബ്രാഞ്ച് സംഘം നടത്തിയ തെളിവെടുപ്പിൽ സംഭവസ്ഥലത്തുനിന്ന് 303 റൈഫിളിന്റെ ഒഴിഞ്ഞ കെയ്സുകൾ കണ്ടെടുക്കുകയുണ്ടായി. ഇത് ചിത്രംസഹിതം മാധ്യമങ്ങൾ വാർത്തയാക്കിയതോടെ ഡിജിപിക്ക് നിലപാട് തിരുത്തേണ്ടിവന്നുവെന്നത് ഇപ്പോഴത്തെ ഡിജിപി ഒർക്കണമെന്നും ഗ്രോ വാസു ചൂണ്ടിക്കാട്ടി