കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ രണ്ടു സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച. യുഎപിഎ പ്രത്യേക കോടതി കൂടിയായ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണു വിധി പറയുന്നതു മാറ്റിയത്. രണ്ടു സിപിഎം പ്രവർത്തകർക്കു മേൽ ചുമത്തിയ യുഎപിഎ നീക്കില്ലെന്ന സർക്കാർ നിലപാട് ഗവ. പ്ലീഡർ കോടതിയിൽ അറിയിച്ചു.
യുഎപിഎ ഒഴിവാക്കുന്നതു സംബന്ധിച്ചു സർക്കാരിൽനിന്നു നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നു പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. ഇതോടെ, യുഎപിഎ നിലനിൽക്കാനുള്ള തെളിവുകളുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പോലീസെന്നു വ്യക്തമായി. വിദ്യാർഥികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തില്ല. കസ്റ്റഡി അപേക്ഷ നൽകുന്നില്ലെന്നും നിലവിൽ പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കുന്നതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
അതേസമയം, ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്നു തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയിലില്ലെന്നു പ്രതിഭാഗം വാദിച്ചു. യുഎപിഎ നിലനിൽക്കില്ലെന്നു വാദിച്ച പ്രതിഭാഗം അഭിഭാഷകൻ എം.കെ. ദിനേശൻ, പിടിയിലായവർ ഏതു ദിവസും കോടതിയിൽ ഹാജരാകാൻ തയാറാണെന്നും പറഞ്ഞു. ഇതു പരിഗണിച്ച കോടതി വിധി അടുത്ത ദിവസത്തേക്കു മാറ്റുകയായിരുന്നു.
കണ്ണൂർ പാലയാട്ടെ സർവകലാശാലാ കാന്പസ് നിയമവിദ്യാർഥി അലൻ ഷുഹൈബ് (20), കണ്ണൂർ സ്കൂൾ ഓഫ് ജേർണലിസം വിദ്യാർഥി താഹ ഫൈസൽ (24) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. യുഎപിഎ ചുമത്തിയതിനെതിരെ അലന്റെ അച്ഛനമ്മമാരായ ഷുഹൈബും സബിതയും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു.