മുക്കം: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുത്തപ്പൻ പുഴയിൽ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി. ഇന്ന് പുലർച്ച ആറോടെയാണ് സ്ത്രീയും നാല് പുരുഷൻമാരുമടങ്ങുന്ന സംഘമെത്തിയത്.10 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് മാവോയിസ്റ്റുകൾ എത്തിയത്. ഇക്കഴിഞ്ഞ ഒമ്പതിനും 13 നും പ്രദേശത്തെ രണ്ട് വീടുകളിൽ സംഘം എത്തിയിരുന്നു.
ഇന്നു രാവിലെ ആറു മണിയോടെ മുത്തപ്പൻപുഴ അങ്ങാടിയിലാണ് സംഘം എത്തിയത്. അതിൽ അഞ്ചു പേരും പതിവിൽ നിന്ന് വ്യത്യസ്തമായി പരസ്യമായി അങ്ങാടിയിലേക്ക് ഇറങ്ങി ആളുകളോട് സംസാരിക്കുകയും അശോകൻ എന്നയാളുടെ ചായക്കടയിൽ നിന്നും ചായ കുടിച്ചുമാണ് മടങ്ങിയത്. അങ്ങാടിയിലുണ്ടായിരുന്ന കെഎസ്ആർടിസി ജീവനക്കാരുമായും സംഘം സംസാരിച്ചിട്ടുണ്ടന്നാണ് വിവരം. രണ്ടുപേർ പുഴക്കരയിൽ കാത്തുനിൽക്കുന്നുണ്ടായതായും പറയപ്പെടുന്നു.
കർഷകർക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പു നൽകിയ ശേഷമാണ് സംഘം മടങ്ങിയത്. സാധാരണ ലഘുലേഖയിൽ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണ വിതരണം ചെയ്ത പോസ്റ്ററുകൾ. എഴുതി തയാറാക്കിയ ലഘുലേഖയിൽ കർഷക സമരവുമായി ബന്ധപ്പെട്ട പത്ര കട്ടിംഗുകളും ഒട്ടിച്ചിരുന്നു.
വെള്ളവും, കാടും. ഭൂമിയും. മനുഷ്യരുടേതാണെന്നും കൃഷിഭൂമിയിൽ ജണ്ട കെട്ടി കർഷകരെ ദ്രോഹിക്കുന്ന വനപാലകരെ നാട്ടിൽ നിന്നും അടിച്ചോടിക്കണം എന്നും ലഘുലേഖയിലുണ്ട്. മുത്തപ്പൻപുഴയിൽ നടക്കുന്ന കർഷക സമരത്തിന് പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹാരിസൺ ഉൾപ്പെടെയുള്ള കുത്തകകൾക്ക് ഓശാന പാടുന്ന വനപാലകർക്കും സർക്കാരിനുമെതിരെയും ലഘുലേഖയിൽ പരാമർശമുണ്ട്. മടങ്ങുന്ന സമയത്ത് നിരവധി വീടുകളിലും സംഘം പോയതായാണ് വിവരം. തിരുവമ്പാടി മുത്തപ്പൻപുഴ, ആനക്കാംപൊയിൽ തുടങ്ങിയ ഭാഗങ്ങളിൽ നിരവധി തവണകളായി സംഘം എത്തുമ്പോൾ അത് ജനങ്ങളിൽ വലിയ ഭീതിയും ആശങ്കയും ഉണർത്തുന്നുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടിപോലീസ് അന്വേഷണം ആരംഭിച്ചു.